ഇന്ധനവില വർധന: കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇന്ധനവില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കോർപറേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നു. അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നിയമനടപടി. ബൾക്ക് പർച്ചേസ് വിഭാഗങ്ങൾക്കുള്ള ഡീസൽ വില ഒറ്റയടിക്ക് ആറു രൂപ വർധിപ്പിച്ചതിനെ തുടർന്ന് പ്രതിദിനം 12 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാകുക. കോവിഡ് പ്രതിസന്ധിക്കിടെയാണ് ഇത്.
പ്രതിസന്ധി പരിഹരിക്കാൻ ഐ.ഒ.സിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. സമാന്തരമായാണ് നിയമനടപടി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ ആര്.ടി.സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടി സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. ഉയര്‍ന്ന നിരക്കില്‍ ഡീസൽ വാങ്ങേണ്ടെന്നാണ് കോര്‍പറേഷന്റെ തീരുമാനം. നിലവില്‍ കെ.എസ്.ആർ.ടി.സിയുടെ ഔട്ട്ലെറ്റുകൾക്കൊപ്പം മാര്‍ക്കറ്റ് വിലക്ക് സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുകയാണ് കെ.എസ്.ആർ.ടി.സി. കോർപറേഷന്റെ റീട്ടെയില്‍ പമ്പായ 'യാത്ര ഫ്യൂവല്സി'ന് ലഭിക്കുന്ന സ്റ്റോക്ക് മറ്റു ഡിപ്പോകളിലേക്കെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 'യാത്ര ഫ്യൂവല്‍' പദ്ധതി എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. എന്നാൽ, നടപടിക്രമങ്ങൾ നീണ്ടതായതിനാൽ മറ്റു ഡിപ്പോകളിൽ റീട്ടെയില്‍ പമ്പുകള്‍ തുടങ്ങാന്‍ സമയമെടുക്കും. പ്രതിദിനം 50,000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് ബള്‍ക്ക് പർച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പൊതുപമ്പുകളിലേതുപോലെ ബൾക്ക് പർച്ചേസര്‍ വിഭാഗത്തിൽ സാധാരണ നിരക്ക് വർധിപ്പിക്കാറില്ല. എന്നാൽ, ഈ പതിവ് തെറ്റിച്ചാണ് ഒറ്റയടിക്ക് 6.73 രൂപ വർധിപ്പിച്ചത്. ഇതോടെ, കെ.എസ്.ആർ.ടി.സിക്ക് ഒരു ലിറ്റർ ഡീസലിന് പൊതുപമ്പുകളിലേതിനെക്കാൾ 4.50 രൂപ അധികം നൽകണം. ഡീലർ കമീഷൻ കൂടിയാകുന്നതോടെ ആറു രൂപയാകും. വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതുപമ്പുകളെ ഒഴിവാക്കി ബൾക്ക് പർച്ചേസര്‍ വിഭാഗങ്ങളിൽ കൈവെച്ചതെന്നാണ് വിവരം.
ബസുകളിൽ ജില്ല തിരിച്ച് നമ്പർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിലെ ഡിപ്പോ കോഡ് ഒഴിവാക്കി ജില്ല തിരിച്ചുള്ള നമ്പർ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. ബസുകളെല്ലാം ജില്ല പൂൾ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. ഇതോടെ, ബസ് ഏത് ഡിപ്പോയുടേത് എന്നതിനുപകരം ഏത് ജില്ലയുടേത് എന്നേ തിരിച്ചറിയാനാകൂ. നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ഇടതുഭാഗത്താണ് ജില്ല കോഡ് ചേർക്കുക.
ഓരോ ജില്ലക്കും ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് നമ്പർ അനുവദിച്ചത്. ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പറുകളും നൽകും.
ബസുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സർവിസിന് സജ്ജമാക്കുന്ന ജോലി ഇനി ജില്ല പൂളിലാണ് നടക്കുക. ഇതിനായി ബസുകൾ ജില്ല പൂളിലെത്തിക്കും. പിൻവലിക്കുന്നവക്കു പകരം സർവിസിന് ജില്ല പൂളിൽ നിന്ന് ബസുകൾ ഡിപ്പോകൾക്ക് വിട്ടുകൊടുക്കും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസൺ ചെയ്ത ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവക്ക് ഉപയോഗിക്കുന്ന ബസുകൾ എന്നിവ അതത് ഡിപ്പോകളിൽ നിലനിർത്തും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ല പൂളിലെ ബസുകൾ സർവിസിനായി നൽകും.
ജില്ല കോഡ് ഇങ്ങനെ: തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-,AL കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശൂർ-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN , കാസർഗോഡ് - KG.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.