ഇന്ധന വിലയോ? വോട്ടൊന്ന് കഴിഞ്ഞോട്ടെ...
text_fieldsതൊടുപുഴ: നോക്കിനിൽക്കെ ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയർന്നപ്പോൾ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാെൻറ 'ആശ്വാസ' വാക്കുകൾ ഇങ്ങനെയായിരുന്നു: 'കേന്ദ്ര സർക്കാർ എന്തു ചെയ്യാനാണ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില, രൂപയുടെ വിനിമയ നിരക്ക്, നികുതി ഘടന, കടത്തുകൂലി ഇതെല്ലാം വെച്ച് എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത്'. ഇതുകേട്ട് നാട്ടുകാരുടെ തല കറങ്ങിപ്പോയി.
'അന്താരാഷ്ട്ര വിപണി'യെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത് എന്നു പറയാൻ പലരും നാവെടുത്തതാണ്. ഇന്ധനവില കൂടിയതിന് നാഴികക്ക് നാൽപതു വട്ടം മോദിയെ ചീത്തവിളിച്ചവർക്കും മന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ കുറച്ചൊക്കെ കുറ്റബോധം തോന്നി.
ദേ, ഒറ്റനിൽപ്
ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് കമീഷൻ കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ വോെട്ടടുപ്പ് പ്രഖ്യാപിക്കുന്നു. ഡിം...കേറികേറിപ്പോയ ഇന്ധനവില അവിടെ ഒറ്റനിൽപ്.
ഇൗ വർഷം ജനുവരി ഒന്നിനുശേഷം ഫെബ്രുവരി 27 വരെ പെട്രോളിന് കൂടിയത് 7.33 രൂപ. ഡീസലിന് 7.79 രൂപയും. ഫെബ്രുവരിയിൽ മാത്രം കൂടിയത് യഥാക്രമം 4.22 രൂപയും 4.34 രൂപയും. പക്ഷേ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇന്നേവരെ വില കൂടിയില്ലെന്നു മാത്രമല്ല മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയും കുറക്കുകയും ചെയ്തു. വീട്ടമ്മമാർക്കുമുണ്ട് 'ഇലക്ഷൻ ബംബർ'. കഴിഞ്ഞമാസം 125 രൂപ വർധിപ്പിച്ച പാചകവാതകത്തിന് പത്തു രൂപ കുറച്ച് 'വൻ ആശ്വാസം' പ്രഖ്യാപിച്ചിരിക്കുന്നു! എന്തൊക്കെയായിരുന്നു; അന്താരാഷ്ട്ര വിപണി, നികുതി ഘടന, വിനിമയ നിരക്ക്, ഇപ്പോൾ ഒന്നുമില്ല.
എണ്ണവില ബാരലിന് 61ൽ നിന്ന് 64ലേക്ക് അടുക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. മുമ്പത്തെ രീതി വെച്ചുനോക്കുേമ്പാൾ പെട്രോൾ വില ഒരു 110 രൂപയിലേക്കെത്തിക്കാൻ എല്ലാ വകുപ്പുമുണ്ട്. എന്തു ചെയ്യാം? തെരഞ്ഞെടുപ്പായി പോയില്ലേ? ലോക്ഡൗൺ കാലത്ത് എണ്ണവില 30 ഡോളറിൽ താഴെയെത്തിയിട്ടു പോലും ഇന്ധനവില കുറക്കാത്തവരാണ് ഇപ്പോൾ എണ്ണക്കമ്പനികൾക്കു നേരെ കണ്ണുരുട്ടി വോട്ട് ഉൗറ്റാൻ നോക്കുന്നത്.
എട്ടിന്റെ പണി പിന്നാലെ
പെട്രോളടിക്കാൻ കാശില്ലാതെ മാസങ്ങളായി വാഹനം ഷെഡിൽ കയറ്റിയിട്ടവർ പണി തരാൻ തീരുമാനിച്ചാൽ പിന്നെ പോയ വോട്ട് പാത്രം കൊട്ടിയാലൊന്നും തിരിച്ചുവരില്ലെന്ന് മോദിക്കും മുരളീധരനുമറിയാം.
പക്ഷേ, ഇപ്പോൾ നക്കാപ്പിച്ച പൈസ കുറച്ചതു കണ്ട് ഇന്ധനവില ഇടിയുമെന്ന് കരുതി വാഹനം വാങ്ങാനൊന്നും ആരും ഒാടണ്ട. വോെട്ടാന്ന് പെട്ടിയിലായിക്കോെട്ട, എട്ടിെൻറ പണി പിന്നാലെ വരും. ബിഹാറിലടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തുമെല്ലാം ഇതു കണ്ടതാണ്. 2019 മാർച്ച് 10ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് രാജ്യത്ത് ഇന്ധനവിലക്കയറ്റം നിലച്ചു.
മേയ് 19ന് ഏഴാം ഘട്ട വോെട്ടടുപ്പ് കൂടി പൂർത്തിയായതോടെ വില കുതിച്ചുകയറിത്തുടങ്ങി. ഇതിനിടെ, എണ്ണവില ബാരലിന് 74 ഡോളർ വരെ എത്തിയിട്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചില്ല. എങ്ങനെയുണ്ട് ബുദ്ധി? ഏപ്രിൽ 29ന് ബംഗാളിലെ അവസാനഘട്ട വോെട്ടടുപ്പ് കൂടി പൂർത്തിയാകുന്നതോടെ ഇന്ധനവില ഉയർന്ന് തുടങ്ങുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ പെട്രോൾ വില സെഞ്ചുറി അടിക്കുന്നത് കാണാൻ അധികം കാത്തിരിക്കേണ്ടിവരില്ല. അതെ, ഇരുട്ടടിയുടെ കാലം വരാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.