ഇന്ധനവിലയുടെ കുരുക്ക് മുറുകുന്നു; ജന ജീവിതം ദുരിതത്തിലേക്ക്
text_fieldsകൊച്ചി: ഇന്ധനവില ദിനേന കുതിക്കുന്ന പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക്. പെട്രോൾ വില രണ്ട് മാസത്തിനിടെ ഏഴര രൂപയോളം വർധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഇൗ കാലയളവിൽ ഡീസൽ വില നാല് രൂപയോളം കൂടി. വില ഇനിയും വർധിക്കുമെന്നാണ് സൂചന. രണ്ടാഴ്ചയിലൊരിക്കൽ പരിഷ്കരിക്കുന്ന രീതി മാറി ജൂൺ 16 മുതൽ വില ദിനേന മാറുന്ന സംവിധാനം വന്നതോടെയാണ് ഇന്ധനവിലയിൽ കുതിപ്പ് തുടങ്ങിയത്. ഒാരോ ദിവസവും മാറുന്നതിനാൽ ഇത് കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് മാത്രം. പുതിയ സംവിധാനം പ്രാബല്യത്തിൽ വന്ന് ആദ്യ ദിവസങ്ങളിൽ മാത്രം വില അൽപം കുറഞ്ഞു. എന്നാൽ, പിന്നീട് അടിക്കടി കൂടുകയായിരുന്നു. ജൂലൈ ഒന്നിന് പെട്രോൾ വില ലിറ്ററിന് 65.69 രൂപയും ഡീസലിന് 57.11 രൂപയുമായിരുന്നു.
ആഗസ്റ്റ് ഒന്ന് ആയപ്പോൾ ഇത് യഥാക്രമം 67.88ഉം 59.39 ഉം ആയി. വ്യാഴാഴ്ച കൊച്ചിയിൽ പെട്രോളിന് 71.77 രൂപയും ഡീസലിന് 60.96 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 73 രൂപ വരെയും ഡീസലിന് 62.11 രൂപ വരെയുമെത്തി. കോഴിക്കോട് യഥാക്രമം 72ഉം 61.16ഉം ആണ് ഇന്നലത്തെ വില. വിലവർധന വിവിധ മേഖലകളെ ഇതിനകം ബാധിച്ചുതുടങ്ങി. നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ ഇൗമാസം 14 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനവിലയും മറ്റ് ചെലവുകളും അടിക്കടി ഉയരുന്ന സാഹചര്യത്തിൽ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ബസ് ഒാപറേറ്റേഴ്സ് കോൺഫെഡറേഷൻ ജനറൽ കൺവീനർ ലോറൻസ് ബാബു പറഞ്ഞു.പുറത്തുനിന്ന് ചരക്ക് എത്തിക്കുന്ന ലോറികളും ഇന്ധനവില വർധനയുടെ പേര് പറഞ്ഞ് വാടക ഉയർത്താൻ ആവശ്യപ്പെടുന്നുണ്ട്. ഇൗ സാഹചര്യത്തിൽ അവശ്യസാധന വില ഇനിയും ഉയരുമെന്നും ആശങ്കയുണ്ട്.
എന്നാൽ, ഇന്ധനവില വർധനയുടെ പത്ത് ശതമാനം എന്ന തോതിൽ സമയാസമയങ്ങളിൽ വാടക വർധിപ്പിക്കുന്നതിനാൽ നിലവിൽ തങ്ങൾക്ക് കാര്യമായ പ്രതിസന്ധിയില്ലെന്ന് കേരള ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പ്രതികരിച്ചു. അതേസമയം, രണ്ട് മാസത്തിനിടെ അസംസ്കൃത എണ്ണയുടെ വില അഞ്ച് ഡോളറോളം വർധിച്ചതും കേന്ദ്ര സർക്കാർ സബ്സിഡി നിർത്തിയതുമാണ് ഇന്ധനവില കൂടാൻ കാരണമായി എണ്ണക്കമ്പനികളുടെ പ്രതിനിധികൾ പറയുന്നത്. ജി.എസ്.ടിയിനിന്ന് ഒഴിവാക്കിയെങ്കിലും സർക്കാറുകൾ ചുമത്തുന്ന ഉയർന്ന തീരുവയും വില കൂടാൻ കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.