ഇന്ധനവില കുതിക്കുന്നു; ഒപ്പം പച്ചക്കറി വിലയും
text_fieldsപാലക്കാട്: പാചകവാതക വിലവർധനയിൽ പ്രയാസമനുഭവിക്കുന്ന അടുക്കളയിൽ ദുരിതംവർധിപ്പിച്ച് പച്ചക്കറി വില കുതിക്കുന്നു. ഇന്ധനവില കുതിക്കുന്നതിനാൽ തമിഴ്നാട്ടിൽനിന്ന് ചരക്കുനീക്കം ചെലവേറിയതും ആഭ്യന്തര ഉൽപാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി. പാലക്കാട് വലിയങ്ങാടിയിൽ 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തുന്നത്. ഒരാഴ്ചക്കിടെ പച്ചക്കറിവില ഇരട്ടിയായി. ഡീസൽ വിലവർധനവ് കാരണം ഗതാഗത ചെലവ് കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഉൽപാദനം കുറഞ്ഞ് ഗ്രാമീണ മേഖല
ഗ്രാമീണ മേഖലയിൽ ഇത്തവണ ഉൽപാദനം കുറവാണെങ്കിലും നിലവിലെ സാഹചര്യത്തിൽ വിപണിയിലെ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാനാവശ്യമായ പച്ചക്കറിയുണ്ട്. വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി മൊത്തവ്യാപാരികൾ കുറഞ്ഞ വിലയ്ക്കാണ് സംഭരിക്കുന്നത്. മേഖലയിൽ താങ്ങുവിലയും സംഭരണവുമായി സർക്കാർ ഇടപെടലുണ്ടെങ്കിലും കർഷകർക്ക് പൂർണമായി പ്രയോജനപ്പെടുന്ന രീതിയിലല്ല പ്രവർത്തനം. പല കർഷകരും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്നുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം. ലോക്ഡൗണിൽ കൃഷിയിറക്കി നഷ്ടമുണ്ടായ പല കർഷകരും മാറിനിന്നതോടെ വിപണിയിലെ പ്രാദേശിക ഇടപെടൽ പേരിന് മാത്രമാണ്.
രണ്ടാഴ്ചക്കിടെ ഇരട്ടി വർധന
തമിഴ്നാട്ടിൽ ബീൻസ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ ഉൽപാദനം കുറഞ്ഞതോടെ രണ്ടാഴ്ചക്കിടെ വില ഇരട്ടിേയാളമാണുയർന്നത്. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഉൽപന്നങ്ങളിൽ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാർ വിൽപനക്കെത്തിക്കുന്നത്.
ദിവസവും വിലയിൽ മാറ്റം വരുന്നതിനാൽ വ്യാപാരികൾ സംഭരിക്കുന്ന അളവ് കുറക്കുകയാണെന്ന് നഗരത്തിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ശ്രീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു. നവരാത്രിയോടനുബന്ധിച്ച് വില ഇനിയും ഉയർന്നേക്കാം. സാധാരണ പൂജസമയത്ത് പച്ചക്കറികൾക്ക് നല്ല ചെലവാണ് ഉണ്ടാകുക. വില കൂടിയതോടെ പലരും വാങ്ങുന്ന പച്ചക്കറികളുടെ അളവ് കുറക്കുന്ന അവസ്ഥയാണെന്നും ശ്രീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.