ഇന്ധനവില ഉയരുന്നു; വിമാന ടിക്കറ്റുകളുടെ നിരക്ക് കൂട്ടാന്‍ എയര്‍ലൈൻ കമ്പനികൾ
text_fieldsശംഖുംമുഖം: വിമാന ടിക്കറ്റുകളുടെ നിരക്ക് കൂട്ടാന്‍ എയര്‍ലൈനുകള്‍. വിമാന ഇന്ധനത്തിന്‍റെ വില ഉയരുന്നത് കാട്ടിയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ മുന്നോട്ടുവന്നിരിക്കുന്നത്. നിലവില്‍ ഓഫ് സീസണില്‍ പോലും നിരക്ക് കുറക്കാത്ത അവസ്ഥയാണ്. ഇത് ഇനിയും ഉയരുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.
വലിയപെരുന്നാളിനും ഓണത്തിനും കുടുംബവുമായി നാട്ടില്‍ എത്തി മടങ്ങാമെന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് നിരക്ക് വർധന കനത്ത തിരിച്ചടിയാകും. ഗള്‍ഫ് സെക്ടറുകളിലേക്കുള്ള വിമാനനിരക്ക് ഉയര്‍ത്തരുതെന്ന മുഖ്യമന്ത്രിയുടെ നേരേത്തയുള്ള ആവശ്യം പോലും മുഖവിലക്ക് എടുക്കാതെയാണ് വിമാനക്കമ്പനികളുടെ നീക്കം.
തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് പറക്കാന്‍ നിലവില്‍ എയര്‍ഇന്ത്യ ഈടാക്കുന്നത് 49000 രൂപയാണ്. 22 മണിക്കൂറോളം മറ്റ് വിമാനത്താവളങ്ങളില്‍ കാത്തിരുന്നുവേണം റിയാദില്‍ എത്താന്‍. എന്നാല്‍, ഇതേ സെക്ടറില്‍ എയര്‍ അറേബ്യ ഈടാക്കുന്നത് 28690 രൂപയാണ്. ഇതില്‍ 10 കിലോ ലഗേജ് മാത്രമേ സൗജ്യന്യമായി കൊണ്ടുപോകാന്‍ കഴിയൂ. കൂടുതല്‍ ലേഗജുകള്‍ കൊണ്ടുപോകണമെങ്കില്‍ ലഗേജിന് അനുസരിച്ച് തുക അടക്കണം. ബജറ്റ് എയര്‍ലൈനുകള്‍ പോലും നിരക്ക് ഉയര്‍ത്താന്‍ കാത്തുനില്‍ക്കുന്നത് വരും ദിവസങ്ങളില്‍ പ്രവാസികളെ വലക്കും.
നിരക്ക് വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്നും തിരക്കുള്ള സീസണുകളില്‍ ഗള്‍ഫ്സെക്ടറില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും നേരത്തേ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
യോഗത്തില്‍ പങ്കെടുത്ത അന്നത്തെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ഉഭയകക്ഷികരാര്‍ പ്രകാരം വിദേശ വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയമാണ് സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത എയര്‍ലൈന്‍ കമ്പനികളും അന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായില്ല. ഈ അവസരം മുതലെടുത്താണ് ഇന്ധന വിലവർധനയുടെ പേരിൽ നിരക്ക് വർധിപ്പിക്കാൻ കമ്പനികൾ നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.