ഇന്ധനക്ഷാമം: കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയേക്കും
text_fieldsതിരുവനന്തപുരം: ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ ഇന്ധനക്ഷാമം രൂക്ഷം. വ്യഴാഴ്ച സമരം അവസാനിച്ചെങ്കിലും തെക്കൻ ജില്ലകളിൽ പല ഡിപ്പോകളിലും ഇന്ധനശേഖരം തീർന്നതോടെ പലയിടങ്ങളിലും സർവീസ് മുടങ്ങാൻ സാധ്യത. ഡിപ്പോകളിലെ കരുതൽ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സർവീസ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെയോടെ കരുതലും തീർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിൻകര, പേരൂർക്കട, നെടുമങ്ങാട് എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷമായത്. അതേസമയം, വ്യാഴാഴ്ച വൈകിട്ടോടെ സമരം പിൻവലിക്കുകയും വെള്ളിയാഴ്ച രാവിലെയോടെ ഇരമ്പനത്ത് ലോഡിങ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ വൈകുന്നേരത്തോടെ ഡിപ്പോകളിൽ ഇന്ധനമെത്തുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സർവീസുകൾ മുടങ്ങുന്ന സാഹചര്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ ബൾക്ക് പർച്ചെയ്സർ എന്ന നിലയിൽ നേരിട്ടാണ് കെ.എസ്.ആർ.ടി.സി കമ്പനികളിൽ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ ബൾക്ക് പർച്ചെയ്സർ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതിൽ നിന്ന് പിൻവാങ്ങുകയും സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ലോറി സമരം കെ.എസ്.ആർ.ടി.സിയെയും ബാധിക്കാൻ കാരണമായത്. കെ.എസ്.ആർ.ടി.സിയെ മാത്രമല്ല, മറ്റ് പമ്പുകളെയും ഇന്ധനക്ഷാമം ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.