ഇന്ധനനികുതി: അഞ്ചുവർഷം കൊണ്ട് കേന്ദ്രം നേടിയത് 11.90 ലക്ഷം കോടി
text_fieldsകൊച്ചി: സാധാരണക്കാരെ ദുരിതത്തിലാക്കി ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയിനത്തിൽ കേന്ദ്രസർക്കാരിന് ലഭിച്ചത് 11,90,777 കോടി രൂപ. അതേ സമയം, ഇന്ധന സബ്സിഡി ഇനത്തിൽ ഇക്കാലയളവിൽ ചെലവഴിച്ചത് വെറും 2,11,211 കോടിയും. അസംസ്കൃത എണ്ണവില റെക്കോഡ് നിലയിലേക്ക് താഴ്ന്നപ്പോൾപോലും ഉപഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിച്ചാണ് കേന്ദ്രം ഖജനാവ് നിറച്ചത്.
അസംസ്കൃത എണ്ണവില ഗണ്യമായി കുറയുന്ന ഘട്ടങ്ങളിലെല്ലാം പെട്രോൾ, ഡീസൽ നികുതി വർധിപ്പിച്ച് അവസരം മുതലാക്കുക എന്ന തന്ത്രമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ മാത്രം ഏഴുതവണ നികുതി വർധിപ്പിച്ചു. ഇക്കാലയളവിൽ ഒരു ലിറ്റർ പെട്രോളിെൻറ നികുതിയിൽ 11.77 രൂപയുടെയും ഡീസലിേൻറതിൽ 13.47 രൂപയുടെയും വർധനയുണ്ടായി. അസംസ്കൃത എണ്ണവില ബാരലിന് 30 ഡോളറിൽ താഴെയായപ്പോൾപോലും നികുതി വർധിപ്പിച്ചു. തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് 2017 ഒക്ടോബറിൽ ലിറ്ററിന് രണ്ടുരൂപയും കഴിഞ്ഞ ഒക്ടോബറിൽ 1.50 രൂപയും നികുതി കുറച്ചത് മാത്രമാണ് അപവാദം.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഇന്ധനത്തിന് അധിക സ്പെഷൽ എക്സൈസ് നികുതിയും റോഡ്, അടിസ്ഥാനസൗകര്യ വികസന സെസും ഏർപ്പെടുത്തിയിരുന്നു. നിലവിൽ സാധാരണ പെട്രോൾ ലിറ്ററിന് 19.98 രൂപയും ബ്രാൻഡഡിന് 21.16 രൂപയുമാണ് എക്സൈസ് നികുതി. ഡീസലിന് ഇത് യഥാക്രമം 15.83, 18.19 രൂപയുമാണ്. പെട്രോൾ, ഡീസലിന് വാറ്റ് (മൂല്യവർധിത നികുതി) ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എക്സൈസ് നികുതിയും വ്യാപാരികളുടെ കമീഷനും വാറ്റും കൂടിയാകുേമ്പാൾ ചില്ലറ വിൽപനവില ഇരട്ടിയോളമാകും. ഒക്ടോബറിൽ ഇന്ധനവില കാര്യമായി വർധിച്ചിട്ടില്ല. വ്യാഴാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.26 രൂപയും ഡീസലിന് 70.83 രൂപയുമാണ്. ബാരലിന് 60.19 ഡോളറാണ് അസംസ്കൃത എണ്ണവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.