ജനങ്ങളെ മറന്ന് പണമുണ്ടാക്കരുത്, പ്രധാനമന്ത്രിയുടെ വാക്കുകൾ സംസ്ഥാനം അനുസരിക്കണം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ജനങ്ങളെ മറന്ന് പണമുണ്ടാക്കാൻ നോക്കാതെ സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ തയ്യാറാവണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിക്കാൻ കേരളം തയ്യാറാകണം.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടി ജനങ്ങളോട് ഉള്ള അനീതിയാണെന്ന് പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഈ ആനുകൂല്യം ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര നിർദേശം അനുസരിച്ച് ചില സംസ്ഥാനങ്ങൾ നികുതി കുറച്ചപ്പോൾ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാതെ അധിക വരുമാനം ഉണ്ടാക്കിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പിണറായി സർക്കാരിന്റെ ജനദ്രോഹം തുറന്ന് കാണിക്കുന്നതാണ്.
ഇന്ധനികുതിയിൽ കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കായിരുന്നിട്ടും ഇടത് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തേക്കാൾ കുറഞ്ഞ ഇന്ധന വിലയാണുള്ളത്. ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ നയമാണ് ഓട്ടോ-ബസ് ചാർജ് വർധനവിന് വഴിവെച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാൾ ഇരട്ടിയിൽ അധികം ചാർജാണ് കേരളത്തിലുള്ളത് -സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.