ഗെയ്ൽ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഇന്ധനം വിതരണംചെയ്യും
text_fieldsതിരുവനന്തപുരം: ഗെയ്ൽ പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവക്കുള്ള ഇന്ധനം വിതരണം ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതൽകൂട്ടാകും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യാൻ ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്പനിക്ക് പ്രകൃതിവാതകം നല്‍കാൻ എല്ലാ ജില്ലകളിലും ആവശ്യമായ സംവിധാനം ഗെയ്ല്‍ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ലിമിറ്റഡിനാണ്.
നിലവില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പത്ത് വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും, സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026ഓടെ വിവിധ ജില്ലകളിലായി 615 സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്‌ലാൻറിക് ഗള്‍ഫ് ആൻഡ് പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം ആൻഡ് നാച്ച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ കമ്പനി ആരംഭിച്ചു.
ഇന്ത്യന്‍ ഓയില്‍^അദാനി ലിമിറ്റഡും എ.ജി ആൻഡ് പി എന്ന കമ്പനിയും ചേര്‍ന്ന് 11 ജില്ലകളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണനയിൽ പുതുവൈപ്പിനിൽ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്നതും കമ്പനിയുടെ പരിഗണനയിലാണ് ^മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.