നിറയെ മണല്‍; അണക്കെട്ടുകളുടെ സംഭരണശേഷി കുറയുന്നു
text_fieldsഅടിമാലി: അണക്കെട്ടുകളില്‍ അടിഞ്ഞ് കൂടിയ മണ്ണും മണലും നീക്കം ചെയ്യാത്തതിനാല്‍ സംഭരണ ശേഷി കുറയുന്നു. 2018 മുതല്‍ അതിശക്തമായ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഡാമുകളില്‍ 45 ശതമാനത്തിലേറെ മണല്‍ ശേഖരമാണ് അടിഞ്ഞ് കൂടിയത്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവർ പെരിയാര്‍, കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കല്‍ തുടങ്ങി എല്ലാ അണക്കെട്ടിലും സംഭരണശേഷി വന്‍തോതില്‍ കുറഞ്ഞ അവസ്ഥയിലാണ്.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 70 ശതമാനവും മണ്ണും മണലും നിറഞ്ഞ് കിടക്കുകയാണ്. 2018, 2019 കാലവര്‍ഷങ്ങളില്‍ പന്നിയാര്‍കുട്ടി, എസ്. വളവ് എന്നിവിടങ്ങളില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഡാമിന്റെ സംഭരണശേഷി പ്രതിസന്ധിയിലാക്കിയത്.
ഈ വര്‍ഷകാലത്തും സമാനസാഹചര്യം ഉണ്ടായി. വര്‍ഷകാലത്ത് ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധി തരണം ചെയ്യാന്‍ മുന്‍വര്‍ഷങ്ങളില്‍ ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് മണ്ണും ചെളിയും ഒഴുക്കി കളയുന്ന പതിവുണ്ടായിരുന്നു.
ചില ഡാമുകളില്‍ സ്ലൂയിസ് വാല്‍വ് തകരാറിലായി കിടക്കുന്നതാണ് വിനയായത്. 2007ൽ പന്നിയാര്‍ പവര്‍ ഹൗസിന്റെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി വന്‍ മണല്‍ശേഖരം കല്ലാര്‍കുട്ടി അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്നു.
ഈ പ്രതിസന്ധി മറികടക്കാന്‍ 2007 സെപ്റ്റബര്‍ 17ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് മണല്‍ ശേഖരം ഒഴുക്കി കളയുകയുണ്ടായി. കുണ്ടള അണക്കെട്ടില്‍ നിന്ന് വരുന്ന വെളളം മാട്ടുപ്പെട്ടി, പളളിവാസല്‍, ചെങ്കുളം പവര്‍ ഹൗസുകളിലും ആനയിറങ്കല്‍ അണക്കെട്ടില്‍ നിന്ന് വരുന്ന വെളളം കുത്തുങ്കല്‍, പന്നിയര്‍ പവര്‍ ഹൗസുകളിലും തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിലും എത്തിച്ചേരും.
നേര്യമംഗലം, കരിമണല്‍ പവര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെ നിന്നുള്ള ജലം ഉപയോഗിച്ചാണ്. കാലവര്‍ഷം എത്ര ശക്തമായാലും വെളളം കൂടുതല്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധിയാണ് കല്ലാർകുട്ടി അണക്കെട്ടിന്റെ ശേഷി കുറഞ്ഞതുമൂലം സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.