കരിപ്പൂരിൽ മുഴുവന്‍ സമയ വിമാന സര്‍വിസുകള്‍ ഇന്ന് പുനരാരംഭിക്കും
text_fieldsകൊണ്ടോട്ടി: റണ്‍വേ റീകാര്‍പറ്റിങ്ങിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ പകല്‍സമയ വിമാന സര്‍വിസുകള്‍ ശനിയാഴ്ച പുനരാരംഭിക്കും. പത്തുമാസത്തെ ഇടവേളക്കുശേഷമാണ് സര്‍വിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പകല്‍ സര്‍വിസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാന കമ്പനികള്‍ എത്ര സര്‍വിസുകൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ശൈത്യകാല ഷെഡ്യൂള്‍ വരുന്നതോടെയാകും വ്യക്തത വരിക. റീകാര്‍പറ്റിങ് പ്രവൃത്തിയുടെ കരാർ ഡല്‍ഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപക്കാണ് ഏറ്റെടുത്തിരുന്നത്. ജൂണില്‍ തന്നെ റീകാര്‍പറ്റിങ് പൂര്‍ത്തിയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടന്നു. സെന്‍ട്രല്‍ ലൈന്‍ ലൈറ്റ്, ടച്ച് ഡൗണ്‍ സോണ്‍ ലൈറ്റ് എന്നിവ ഘടിപ്പിച്ചു. റണ്‍വേയിലെ ടാറിങ്ങിന് സമാന്തരമായി വശങ്ങളില് മണ്ണിട്ട് നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടതാണ് പ്രവൃത്തികള്‍ വൈകിപ്പിച്ചത്.
കാലാവസ്ഥയും ബാധിച്ചു. ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇതിനുശേഷം റണ്‍വേ പകലും തുറന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാണ് സര്‍വിസുകള്‍ പുനരാരംഭിക്കാൻ തടസ്സമായത്. ഇതിനും പരിഹാരമായതോടെയാണ് കരിപ്പൂരിന് പ്രതീക്ഷയുടെ ആകാശം തുറന്നു കിട്ടിയിരിക്കുന്നത്.
കൂടുതല്‍ സര്‍വിസുകള്‍ കരിപ്പൂര്‍ കേന്ദ്രമായി അടുത്തദിവസങ്ങളില്‍ ഉണ്ടാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ ആഴ്ചയില്‍ നടത്തുന്ന 14 സര്‍വിസുകള്‍ 17 ആയി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിയാദിലേക്കുള്ള ൈഫ്ല നാസ് സര്‍വിസുകള്‍ നാലില്‍നിന്ന് ആറാകും. എയര്‍ ഇന്ത്യ എക്സ്പ്രസും കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആഭ്യന്തര സര്‍വിസുകൾ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റണ്‍വേ വികസനത്തിന് സ്ഥലമേറ്റെടുപ്പ് കൂടി പൂര്‍ത്തിയായതോടെ കരിപ്പൂരിന് പുതുമുഖം കൈവരുമെന്ന പ്രതീക്ഷയുണ്ട്. റണ്‍വേ സുരക്ഷമേഖല വിപുലീകരിക്കാൻ പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി 12.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. സുരക്ഷ മേഖല വിപുലീകരണത്തിനുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.