‘അർഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചത്’; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര സഹായം വിഷയത്തിൽ മോദി സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങൾ തുടർച്ചയായി കേന്ദ്ര സർക്കാർ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യ കമീഷൻ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്.
കേരളത്തിന്റെ നേട്ടത്തിന്റെ പേരിൽ അർഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിന്റെ പശ്ചാത്തലത്തിൽ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വയനാട് ദുരന്തത്തിൽ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം കേരള സർക്കാറാണെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. വയനാടിന് സഹായം ആവശ്യപ്പെട്ടുള്ള വിശദ റിപ്പോര്‍ട്ട് നവംബര്‍ 13നാണ് കേരളം കൈമാറിയതെന്നാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്കിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തിയത്.
സംസ്ഥാനം സമര്‍പ്പിച്ച റിപ്പോർട്ട് കേന്ദ്ര സംഘം പരിശോധിച്ചു വരുകയാണ്. വയനാടിന് സഹായം അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എം.പിമാർ കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ട് നിവേദനം നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
സംഭവം നടന്ന് മൂന്നര മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പുകൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തി. പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 2219.033 കോടി രൂപയുടെ എസ്റ്റിമേറ്റ് സഹിതം കേരളം അടുത്തിടെയാണ് റിപ്പോർട്ട് നൽകിയത്. അതു പരിശോധിച്ച് വരുകയാണ്.
കേന്ദ്ര വിഹിതത്തിന്റെ ഒന്നും രണ്ടും ഗഡുക്കളായ 145.6 കോടി രൂപ വീതം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തിയതികളിൽ നൽകി. കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന്റെ അക്കൗണ്ടിൽ 789.99 കോടി രൂപയുണ്ടെന്ന് അമിത് ഷാ നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.
എന്നാൽ, വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായധനം തരാത്ത കേന്ദ്രം അതിന് പുതിയ കാരണങ്ങൾ പറയുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. കേരളം നവംബർ 13നാണ് മെമ്മോറാണ്ടം നൽകിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണം തെറ്റാണ്.
കേന്ദ്രം നിർദേശിച്ചപ്രകാരം 1201 കോടി രൂപയുടെ നഷ്ടം പ്രതിപാദിക്കുന്ന മെമ്മോറാണ്ടം ആഗസ്റ്റ് 17ന് സമർപ്പിച്ചു. അതിന്റെ അക്നോളജ്മെന്റ് കേരളത്തിന്റെ പക്കലുണ്ട്. ആദ്യം കൊടുത്ത നിവേദനത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല.
ആ മെമ്മോറാണ്ടം ഒരു ഡെമി ഒഫിഷ്യൽ ലെറ്ററാക്കി കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വീണ്ടും കണ്ടു. ഇങ്ങനെ നാല് മെമ്മോറാണ്ടങ്ങൾ കേന്ദ്രത്തിന്റെ കൈയിലുണ്ടെന്നും മന്ത്രി രാജൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.