മന്ത്രി പടിയിറങ്ങിയപ്പോഴും കുടിശ്ശികയായി പട്ടികജാതി ക്ഷേമ പദ്ധതികളുടെ ധനസഹായം
text_fieldsകൊച്ചി: മന്ത്രി പടിയിറങ്ങിയപ്പോഴും പട്ടികജാതി വികസന വകുപ്പിൽ ക്ഷേമ പദ്ധതികളുടെ ധനസഹായ വിതരണം കുടിശ്ശിക. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മന്ത്രിപദമൊഴിഞ്ഞത്. പട്ടിക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളുടെ പേരിലടക്കം പരിഷ്കരണം നടത്തി ശ്രദ്ധേയനാകുമ്പോഴും ക്ഷേമപദ്ധതികളിലെ ധനസഹായ വിതരണം സുഗമമായി നടത്താനാകാതെയാണ് മന്ത്രിപദവിയൊഴിഞ്ഞത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമപദ്ധതികൾക്കും തിരിച്ചടിയായത്.
വകുപ്പിനുകീഴിൽ വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, ഭൂരഹിത പുനരധിവാസ പദ്ധതി, ഭവന പൂർത്തീകരണ ധനസഹായം, ചികിത്സാധനസഹായം, ഏകവരുമാനദായകൻ മരിക്കുന്ന കുടുംബങ്ങൾക്കുള്ള ധനസഹായം, പ്രത്യേക പുനരധിവാസ പദ്ധതി, പട്ടിക ജാതി അതിക്രമ നിരോധന ആശ്വാസ ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ചികിത്സാധനസഹായം, വിവാഹധനസഹായം, ഏക വരുമാനദായക മരണം മൂലമുള്ള സഹായം എന്നിവ ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. മുടങ്ങിക്കിടന്നിരുന്ന മിശ്രവിവാഹ, അതിക്രമ ആശ്വാസ ധനസഹായങ്ങൾ ഈവർഷമാദ്യം വിതരണം ചെയ്തെങ്കിലും വീണ്ടും കുടിശ്ശികയായി. ചികിത്സാധനസഹായ വിഭാഗത്തിൽ ഈ സാമ്പത്തിക വർഷാരംഭത്തിൽ നാമമാത്രമായവർക്ക് ധനസഹായം നൽകിയെങ്കിലും ബഹുഭൂരിപക്ഷം അപേക്ഷകരും കാത്തിരിപ്പിലാണ്. മൂന്ന് ഗഡുക്കളായി ധനസഹായം നൽകുന്ന ഭവന പൂർത്തീകരണ വിഭാഗത്തിൽ ആദ്യഗഡു വായ 50,000 കൈപ്പറ്റി അപേക്ഷകർ അടുത്ത ഗഡു ലഭിക്കാത്തതിനാൽ നിർമാണ പ്രവൃത്തികൾ തുടരാനാകാത്ത സാഹചര്യത്തിലുമാണ്. ക്ഷേമപദ്ധതികളുടെ വിതരണവും കുടിശ്ശിക തീർക്കലും പുതിയ മന്ത്രിക്കും വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.