ഫണ്ട് പിരിവിന് വേഗം പോര; ഉന്നതതല യോഗം വിളിച്ച് ലീഗ്
text_fieldsമലപ്പുറം: 'എന്‍റെ പാർട്ടിക്ക് എന്‍റെ ഹദിയ' തലക്കെട്ടിൽ മുസ്ലിം ലീഗ് തുടക്കമിട്ട പ്രവർത്തന ഫണ്ട് ശേഖരണം കൂടുതൽ സജീവമാക്കാൻ ഉന്നതതല യോഗം വിളിച്ച് നേതൃത്വം. ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം ശനിയാഴ്ച മലപ്പുറത്തെ ഓഫിസിൽ ചേർന്നത്.
ഹൈദരലി തങ്ങളുടെ നിര്യാണ ശേഷം സഹോദരൻ സാദിഖലി തങ്ങൾ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിറകെയാണ് പ്രവർത്തന ഫണ്ട് പിരിക്കാൻ തീരുമാനമുണ്ടായത്. ഇതിനായി പാർട്ടി സംവിധാനങ്ങൾ വിപുലമായി ഉപയോഗപ്പെടുത്തി കാമ്പയിന് തുടക്കമിടുകയും ചെയ്തു. പാർട്ടി മുഖപത്രത്തിൽ മുഴുപേജ് പരസ്യങ്ങൾ തുടർച്ചയായി നൽകിയതിന് പുറമെ നേതാക്കളുടെ ഫേസ്ബുക്ക് പേജ് വഴിയും സമൂഹമാധ്യമങ്ങളിലൂടെയും വൻതോതിൽ പ്രചാരണം സംഘടിപ്പിച്ചിരുന്നു.
എന്നാൽ, റമദാൻ വന്നതോടെ വിവിധ സംഘടനകളുടെയും മുസ്ലിം ലീഗിന്‍റെതന്നെ സി.എച്ച് സെന്‍റർ, റമദാൻ റിലീഫ് പരിപാടികൾ തുടങ്ങിയ സംരംഭങ്ങൾക്ക് പള്ളികളിലും മറ്റ് കേന്ദ്രങ്ങളിലും വ്യാപകമായി പിരിവ് നടന്നത് ഫണ്ടിന്‍റെ ഒഴുക്കിനെ ബാധിച്ചു എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. നേരത്തേ പാർട്ടി നേതൃത്വത്തിൽ പിരിച്ച തുക വിനിയോഗിച്ചതിനെ ചൊല്ലി വിമർശനങ്ങളുയർന്നതും കൂടെ നിന്നവർ തന്നെ പൊതുസമൂഹത്തോട് ഇത് വിളിച്ചുപറഞ്ഞ് വിവാദമാക്കിയതും നേരിയ തോതിൽ ഫണ്ട് പിരിവിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഫണ്ട് ശേഖരണം കാര്യക്ഷമമാക്കാൻ പ്രത്യേക യോഗം വിളിക്കേണ്ടി വന്നത്. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൂടുതൽ സജീവമായി പ്രവർത്തന ഫണ്ട് ശേഖരിക്കണമെന്ന് ആഹ്വാനം നൽകി. ഇത് താഴെ തട്ടിൽ പ്രവർത്തകർക്കിടയിലും പാർട്ടിയെ സ്നേഹിക്കുന്നവരിലേക്കും എത്തിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.