ഫണ്ട് മടങ്ങി; കാർഷിക സർവകലാശാലയിൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങി
text_fieldsതൃശൂർ: സർക്കാർ അനുവദിച്ച ഫണ്ട് അധികൃതരുടെ അനാസ്ഥ കാരണം മടങ്ങിയതുമൂലം കേരള കാർഷിക സർവകലാശാലയിൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങി. എല്ലാ മാസവും ഒന്നിന് കിട്ടുന്ന ശമ്പളം ഇത്തവണ കിട്ടിയില്ല. ഇനി വീണ്ടും നടപടിക്രമങ്ങൾ പാലിച്ച് നീക്കുപോക്ക് നടത്തി ഫണ്ട് അനുവദിച്ച ശേഷമേ ശമ്പളം ലഭിക്കൂ.
ഏപ്രിൽ ഒന്നിന് വിതരണം ചെയ്യാനുള്ള ശമ്പളത്തിനും പെൻഷനുമുള്ള ഫണ്ട് മാർച്ച് 26ന് അനുവദിച്ച് സർക്കാർ ഉത്തരവായതാണ്. അതനുസരിച്ച് സർവകലാശാല ട്രഷറിയിൽ ബിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ശമ്പളത്തുക ഏപ്രിൽ ഒന്നിന് മാത്രമേ അനുവദിക്കാനാവൂ എന്ന് ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമായതിനാൽ സാങ്കേതിക പ്രശ്നങ്ങൾ വരുമെന്ന് മുൻകൂട്ടി കണ്ട് തുക അനുവദിക്കാൻ വേണ്ട ഇടപെടൽ ഉന്നതങ്ങളിൽനിന്ന് നടത്താൻ സർവകലാശാല ശ്രദ്ധിച്ചതുമില്ല.
സെക്രട്ടേറിയറ്റിൽനിന്ന് നിയോഗിക്കുന്ന കംപ്ട്രോളറും വൈസ് ചാൻസലർ അടക്കമുള്ള ഉന്നതരും ഇക്കാര്യത്തിൽ അനാസ്ഥ കാണിച്ചതായാണ് ആക്ഷേപം. സാമ്പത്തിക വർഷം അവസാനം എല്ലാ സ്ഥാപനങ്ങൾക്കും വിതരണത്തിന് അനുവദിച്ച തുക സർക്കാർ അക്കൗണ്ടിലേക്ക് തിരിച്ചുപോകും.
അതാണ് സർവലാശാലക്ക് അനുവദിച്ച ഫണ്ടിനും സംഭവിച്ചത്. ഇതോടെ നടപടിക്രമങ്ങൾ ആവർത്തിച്ച് കാത്തിരിക്കേണ്ട അവസ്ഥയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.