പൊലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി
text_fieldsതൃശ്ശൂർ: പൊലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചന ചെയ്താണ് ഡി.ജി.പി അന്ത്യവിശ്രമകേന്ദ്രം സമര്‍പ്പിച്ചത്. കേരളപൊലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയന്‍ പങ്കെടുത്തു.
പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് പുതിയ സംവിധാനം. പൊലീസ് സര്‍വ്വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന പൊലീസ് ശ്വാനന്മാർക്ക് വിശ്രമ ജീവിതത്തിനായി കേരളാ പൊലീസ്സ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ ഇപ്പോള്‍ത്തന്നെ റിട്ടയര്‍മെന്‍റ് ഹോം നിലവിലുണ്ട്. സര്‍വ്വീസ് പൂര്‍ത്തിയാക്കിയ നായ്ക്കള്‍ക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2019 മെയ് 29 ന് ആരംഭിച്ച വിശ്രാന്തിയില്‍ ഇപ്പോള്‍ 18 നായ്ക്കള്‍ ഉണ്ട്.
വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സമീകൃത ആഹാരമാണ് അവയ്ക്ക് നല്‍കുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നല്‍കുന്നു. നായ്ക്കള്‍ക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.