ചിരിച്ചുല്ലസിച്ച് ഒടുവിൽ മരണത്തിലേക്ക്... കണ്ണീർക്കടലിൽ ഷഹർബാനക്കും സൂര്യക്കും നാട് വിടനൽകി
text_fieldsചക്കരക്കല്ല്/മട്ടന്നൂർ: മരണം മാടിവിളിക്കുന്ന അവസാന നിമിഷം വെര പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ചിരിച്ചുല്ലസിക്കുകയായിരുന്നു ഉറ്റ സുഹൃത്തുക്കളായ ഷഹർബാന(28)യും സൂര്യ(23)യും. എന്നാൽ, ഒരുനിമിഷാർധ നേരം കൊണ്ട് എല്ലാം അവസാനിച്ചു. ആദ്യം സൂര്യയും പിന്നാലെ ഷഹർബാനയും പടിയൂർ പൂവം പുഴയിലെ മരണക്കയത്തിലേക്ക് വഴുതിപ്പോയി. ഇവരോടൊപ്പം പുഴയിൽ ഇറങ്ങിയിരുന്ന സുഹൃത്ത് ജസീന അപകടത്തിന് അൽപം മുമ്പാണ് ഫോൺ വന്നതിനെ തുടർന്ന് കരക്ക് കയറിയത്. കരയിലിരുന്ന് ഇവരുടെ ചിത്രങ്ങളും വിഡിയോകളും ജസീന പകർത്തിയിരുന്നു. എന്നാൽ, അതെല്ലാം തന്റെ ആത്മമിത്രങ്ങളുടെ അവസാന നിമിഷങ്ങളായിരിക്കുമെന്ന് അവൾ കരുതിയതേ ഇല്ല.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ ദുരന്തം. ഇരിക്കൂര്‍ സിബ്ഗ കോളജിലെ അവസാന വര്‍ഷ ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനികളായ ഇവർ സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. തുടർന്ന് പുഴ കാണാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
രണ്ട് രാത്രിയും ഒരു പകലും പുഴയുടെ ആഴങ്ങളിൽ കാണാമറയത്ത് കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ ഇന്നലെയാണ് രക്ഷാപ്രവർത്തകർക്ക് കണ്ടുകിട്ടിയത്. ഒഴുക്കിൽപെട്ടതിന് 200 മീറ്റര്‍ അകലെ പോതിയിറങ്ങിയകുണ്ടിൽ ഷഹര്‍ബാനയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ദുരന്തനിവാരണസേന ബോട്ടുപയോഗിച്ച് പുഴയിലെ വെള്ളം ഇളക്കിമറിച്ചപ്പോള്‍ മൃതദേഹം മുകളിലേക്ക് ഉയര്‍ന്നുവരുകയായിരുന്നു. അതിനുശേഷം വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് ഏറെ സമയത്തിനു ശേഷം ഉച്ചയോടെ സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്.
ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയതിന് അൽപം താഴെനിന്നാണ് സൂര്യയുടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അവസാനമായി ഒരുനോക്ക് കാണാൻ സഹപാഠികളും നാടുകാരുമടക്കം ആയിരങ്ങൾ തടിച്ചുകൂടിയിരുന്നുവെങ്കിലും കൂടുതൽ നേരം പൊതുദർശനത്തിന് വെക്കാനുള്ള അവസ്ഥയിലായിരുന്നില്ല. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ മൃതദേഹം ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് എടയന്നൂരിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് മയ്യത്ത് നിസ്കാരത്തിനു ശേഷം ഖബറടക്കി.
ചക്കരക്കല്ല് നാലാം പീടികയിലെ സൂര്യയുടെ മൃതദേഹം ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് വീട്ടിലെത്തിയത്. മൃതദേഹം എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ പരിസരം മുഴുവൻ ജനങ്ങൾ തടിച്ചുകൂടി. പ്രിയ മകളുടെ ചേതനയേറ്റ മൃതദേഹത്തിന് മുന്നിൽ വിതുമ്പിനിൽക്കുന്ന കുടുംബക്കാരെ ആശ്വസിപ്പിക്കാൻ നാട്ടുകാരടക്കം ഏറെ പ്രയാസപ്പെട്ടു. ഒരു മാസം മുമ്പ് വരെ പനയത്താം പറമ്പിനടുത്തുള്ള മുടക്കണ്ടി റോഡിലുള്ള ഭാഗത്താണ് സൂര്യയും കുടുംബവും താമസിച്ചിരുന്നത്.
മാച്ചേരി ജലാശയത്തിലെ ദുരന്തത്തിൽ മരിച്ച ആമിറിന്റെയും ആദിലിന്റെയും തേങ്ങലുകൾ അടങ്ങും മുമ്പാണ് സൂര്യയുടെ ദുരന്തവാർത്തയുമെത്തുന്നത്. മാച്ചേരിയിലെ കുളത്തിൽ വീണാണ് ഈ വിദ്യാർഥികൾ മരിച്ചത്. മാച്ചേരിയോട് അടുത്ത പ്രദേശമാണ് സൂര്യയുടെ വീടുള്ള നാലാം പീടികയും. ആഴ്ചകൾ മാത്രം വ്യത്യാസത്തിലുള്ള ദുരന്തം പ്രദേശവാസികളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു മണിക്കൂറിലധികം നാലാംപീടികയിൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷം അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും ഹഫ്സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഭര്‍ത്താവ്: ഷെഫീഖ് (ചെന്നൈ). നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് എം.കെ. മോഹനൻ, കെ.സി. മുഹമ്മദ് ഫൈസൽ, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമന്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് വി.കെ. സുരേഷ്ബാബു, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരീം ചേലേരി, എം.പി. മുഹമ്മദലി, സി.പി.എം നേതാക്കളായ എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ, കെ. ബാബുരാജ്, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ, ജില്ല എക്സിക്യൂട്ടിവംഗം സി. മുഹമ്മദ് ഇംതിയാസ്, കണ്ണൂർ കോർപറേഷൻ കമ്മിറ്റി സെക്രട്ടറി സി.പി. മുസ്തഫ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, സിബ്ഗ കോളജ് പ്രിൻസിപ്പൽ ഡോ. വിനയ് കുമാർ, മാനേജർ നവാസ്, ജില്ല പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രതീശൻ, പി.സി. അഹമ്മദ് കുട്ടി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.