ആയിരങ്ങളെ സാക്ഷി നിർത്തി പ്രഫ. കെ.എ സിദ്ദീഖ് ഹസന് അന്ത്യയാത്ര
text_fieldsകോഴിക്കോട്: സാമൂഹിക, സേവന രംഗത്തും സമുദായ സമുദ്ധാരണ പ്രവർത്തനങ്ങളിലും നിസ്തുലമായ മാതൃക കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമി മുൻ ദേശീയ ഉപാധ്യക്ഷനും കേരള അമീറുമായിരുന്ന കെ.എ. സിദ്ദീഖ് ഹസന് ആയിരങ്ങളുടെ യാത്രാമൊഴി. പൊതുദർശനത്തിനുവെച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസിൽനിന്ന് ബുധനാഴ്ച രാവിലെ എട്ടിന് എടുത്ത മയ്യിത്ത് വെള്ളിപ്പറമ്പ് ജുമാ മസ്ജിദിലെ നമസ്കാര ശേഷം ഖബറടക്കി. ജെ.ഡി.ടിയിലെ അവസാന മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസും പള്ളിയിലെ നമസ്കാരത്തിന് മകൻ ഫസലുറഹ്മാനും നേതൃത്വം നൽകി.
പെതുദർശനത്തിനുവെച്ച ജെ.ഡി.ടി കാമ്പസിലേക്ക് ചൊവ്വാഴ്ച വൈകീട്ടു മുതൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സമൂഹത്തിെൻറ നാനാതുറകളിലുമുള്ളവർ ഒഴുകിയെത്തി. ബുധനാഴ്ച പുലരുവോളം അനേകം തവണകളിലായി മയ്യിത്ത് നമസ്കാരങ്ങൾ നടന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നമസ്കാരങ്ങൾക്ക് ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.കെ. മുനീർ, ബഷീറലി ശിഹാബ് തങ്ങൾ, ഇ.കെ. അഹമ്മദ് കുട്ടി, പി.എം. സലീം മൗലവി, പി. അബ്ദുൽ മജീദ് ൈഫസി തുടങ്ങിയവർ നേതൃത്വം നൽകി.
ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും നാലുതവണ ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്. പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദർശനത്തിന്റെ അസിസ്റ്റൻറ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീറും ആയിരുന്നു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെൽഫെയർ ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍ എന്ന നിലയിൽ നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്കി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അധ്യക്ഷനായും ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.
ഭാര്യ: വി.കെ. സുബൈദ. ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്മാൻ എന്നിവർ മക്കളാണ്.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. രാഘവൻ എം.പി, ബിനോയ് വിശ്വം എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, ഹ്യൂമൻ വെൽഫെയർ ഫൗേണ്ടഷൻ ചെയർമാൻ മുജ്തബ ഫാറൂഖ്, ജമാഅത്ത് അഖിലേന്ത്യ സെക്രട്ടറി ഷെഫി മദനി, മുഅ്സം നായ്ക്, ലീഗ് നേതാവ് സി.പി. ചെറിയമുഹമ്മദ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം സി.ഇ.ഒ പി.എം. മുഹമ്മദ് സാലിഹ്, ജോ. എഡിറ്റർ പി.ഐ നൗഷാദ്, അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അശ്റഫ്, അബ്ദുസ്സലാം വാണിയമ്പലം, ടി.കെ. ഉബൈദ്, കെ.സി. അബു, ഒ. അബ്ദുല്ല, എം.പി. അഹമ്മദ്, എൻജിനീയർ മുഹമ്മദ് കോയ, സി.പി. ഉമർ സുല്ലമി, പി.എം.എ. സലാം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. കോയ, പി.ടി.എ. റഹീം എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ബഷീറലി തങ്ങൾ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, ടി.പി ചെറൂപ്പ, ജമാൽ കൊച്ചങ്ങാടി, മെറാൾഡ നിഷാദ്, കെ.ടി. വേലായുധൻ, പി. മുജീബുറഹ്മാൻ, എം.കെ. മുഹമ്മദലി, കെ.പി. രാമനുണ്ണി, ഡോ.പി.കെ. പോക്കർ, എം.വി. സലിം മൗലവി, അഹമ്മദ് ദേവർകോവിൽ, സി.പി. മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, ഇ.എം. അബ്ദുറഹ്മാൻ, മുസ്തഫ കൊമ്മേരി, തസ്ലിം റഹ്മാനി, മജീദ് ഫൈസി, സൂര്യ ഗഫൂർ തുടങ്ങി നിരവധി പേരാണ് ജെ.ഡി.ടിയിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.