വയോധികന്‍റെ മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി ബന്ധുക്കളും നാട്ടുകാരും
text_fieldsതിരുവല്ല: വയോധികന്‍റെ മൃതദേഹം ഒടുവിൽ ബന്ധുക്കളുടെയും സമീപവാസികളുടെയും സഹായത്തോടെ വെള്ളക്കെട്ടിലൂടെ നീന്തി എത്തിച്ച് സംസ്കാരം നടത്തി. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്‍റെ (80) സംസ്കാരമാണ് ഇത്തരത്തിൽ നടത്തേണ്ടി വന്നത്. വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ - ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തിയാണ് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങിനായി മൃതദേഹം എത്തിച്ചത്.
കനത്ത മഴയിൽ വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിനടിയിലായതോടെയാണ് 80കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾക്ക് നീന്തേണ്ടി വന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തിൽ മകനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ, രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിലായി. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമ്മിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലിക പാലവും വെള്ളത്തിലായി. ജോസഫ് മാർക്കോസിന്‍റെ അന്ത്യ ശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
അഞ്ച് കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്. വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന വയോധികരെ കസേരയിൽ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു. റോഡ് ഉയർത്തി നിർമ്മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നതാണ് ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.