ഭർത്താവ് തീകൊളുത്തി കൊന്ന ജാസ്മിനും മകൾക്കും ഒരുനോക്ക് കാണാനാവാതെ യാത്രാമൊഴി
text_fieldsകീഴാറ്റൂർ: ഗുഡ്സ് ഓട്ടോയിൽ സ്ഫോടകവസ്തുക്കൾ വെച്ച് ഭർത്താവ് തീകൊളുത്തിയതിനെത്തുടർന്ന് മരിച്ച ജാസ്മിനും മകൾ ഫാത്തിമ സഫക്കും കണ്ണീരോടെ യാത്രാമൊഴി.
കൂടെപ്പിറപ്പുകൾക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാനാകാതെയാണ് ഇവരുടെ മടക്കം. കത്തിക്കരിഞ്ഞതിനാൽ ആർക്കും കാണിച്ച് കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ഖബറടക്കി.
കീഴാറ്റൂർ കൊണ്ടിപറമ്പ് പലയക്കോടൻ അബൂബക്കറിന്‍റെ മകൾ ജാസ്മിൻ (37), മകൾ ഫാത്തിമ സഫ (11) എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 11.30ഓടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
11.50ഓടെയാണ് കീഴാറ്റൂർ കൊണ്ടിപറമ്പ് ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്. ബന്ധുക്കളും കുടുംബങ്ങളും നാട്ടുകാരും മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ഖബറടക്കി. കൂടിനിന്നവരിൽ കണ്ണീരും വേദനയും പടർത്തിയായിരുന്നു അന്ത്യചടങ്ങുകൾ. ജാസ്മിന്‍റെ ഭർത്താവ് തുവ്വൂർ മാമ്പുഴയിലെ തെച്ചിയോടൻ മുഹമ്മദിന്‍റെ (52) മൃതദേഹം മാമ്പുഴ താണിക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അന്വേഷണം തുടങ്ങി
പെരിന്തൽമണ്ണ: കീഴാറ്റൂരിൽ ഗുഡ്സ് ഓട്ടോക്ക് തീകൊളുത്തിയതിനെത്തുടർന്ന് ഭർത്താവും യുവതിയും മകളും മരിച്ച സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തി കുറ്റപത്രം നൽകും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ പറഞ്ഞു.
ഗുഡ്സ് ഓട്ടോറിക്ഷയിൽ പെട്രോളും പഞ്ചസാരയും ഉപയോഗിച്ച് തീകത്തിച്ചതായാണ് പ്രാഥമിക നിഗമനം. കത്തിക്കാൻ ഉപയോഗിച്ച പദാർഥങ്ങൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ സംബന്ധിച്ച് ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരണമാകൂ. കൊലപാതകം ആസൂത്രണം ചെയ്ത മുഹമ്മദാണ് (52) നിലവിൽ പ്രതിസ്ഥാനത്തുള്ളത്. ഇയാളും മരിച്ചതിനാൽ രജിസ്റ്റർ ചെയ്ത കേസിൽ ഇത്തരം വിശദാംശങ്ങളും ചേർത്താണ് കുറ്റപത്രം നൽകുകയെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.