ചരിത്രമുറങ്ങുന്ന പീരങ്കി മൈതാനത്തിന് ചരമഗീതം?
text_fieldsകൊല്ലം: 'ഇവിടെ പണ്ടൊരു മൈതാനമുണ്ടായിരുന്നു' വരുംതലമുറക്ക് വിരൽചൂണ്ടി കഥ പറഞ്ഞുകൊടുക്കുന്ന ഗൃഹാതുരമായൊരു ഓർമയാകുമോ കൊല്ലത്തിന്റെ ചരിത്രം ഓരോ മൺതരിയിലും പേറുന്ന പീരങ്കി മൈതാനം? നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിന്റെ ശേഷിപ്പായി പീരങ്കി മൈതാനമെന്ന പേരുമായി ഇനി ബാക്കിയുള്ളത് ഇത്തിരി മണ്ണാണ്. അവിടേക്കും കോൺക്രീറ്റ് കൂടൊരുക്കി ചരിത്രത്തിന്റെ അവസാന തരിയും വിസ്മൃതിയിലേക്ക് തള്ളാനൊരുങ്ങുകയാണ് അധികൃതർ.
ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിനും ഇൻഡോർ സ്റ്റേഡിയത്തിനുമായി പകുത്തെടുത്ത് കൊണ്ടുപോയിട്ട് ബാക്കിയായ ഇത്തിരി സ്ഥലത്താണ് ഇപ്പോൾ അധികൃതർ കണ്ണുെവച്ചിരിക്കുന്നത്. കലക്ടറേറ്റ് അനക്സ് എന്ന പേരിൽ റവന്യൂ കോംപ്ലക്സ് നിർമിക്കാൻ ആണ് ലക്ഷ്യം. അതിനായുള്ള ആദ്യ പണികളൊക്കെ ദ്രുതഗതിയിൽ നീക്കുകയാണ് റവന്യൂവകുപ്പും ജില്ല ഭരണകൂടവും.
ഹൗസിങ് ബോർഡ് നിർവഹണ ഏജൻസി ആയാണ് റവന്യൂ കോംപ്ലക്സിനുള്ള അണിയറ പ്രവർത്തനങ്ങൾ മുന്നേറുന്നത്. 50 സെന്റ് സ്ഥലത്തിന്റെ രൂപരേഖ കലക്ടർ ഹൗസിങ് ബോർഡിന് കൈമാറിക്കഴിഞ്ഞു. ഒമ്പത് നില കെട്ടിടത്തിൽ ഉയരാൻ വിഭാവനം ചെയ്യുന്ന കോംപ്ലക്സിന്റെ രൂപരേഖ തയാറാക്കുന്ന പണിത്തിരക്കിലാണ് ഹൗസിങ് ബോർഡ്.
നിലവിൽ 50 സെന്റ് ആണ് നൽകാൻ പദ്ധതിയെങ്കിലും 50 സെന്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതും നൽകും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒടുവിൽ ബാക്കിയാവുന്നത് ലാൽബഹദൂർ സ്റ്റേഡിയത്തിലേക്ക് റോഡിൽ നിന്നുള്ള വഴി മാത്രമാകും.
ചരിത്രത്തിന്റെ തമസ്കരണം
കൊല്ലത്തിന്റെ ചരിത്രവും പീരങ്കി മൈതാനവും ഇഴചേർന്നുകിടക്കുകയാണ്. തിരുവിതാംകൂറിലെ ഏറ്റവും വലിയ മൈതാനം എന്ന് പേര് കേട്ടതാണ് കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പീരങ്കി മൈതാനം അഥവാ കന്റോൺമെന്റ് മൈതാനം. കന്റോൺമെന്റ് മൈതാനത്തെ പീരങ്കി മൈതാനമാക്കിയത് അവിടെ സൂക്ഷിച്ചിരുന്ന അഞ്ച് പീരങ്കികളായിരുന്നു. അവ ഇന്ന് സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിലെ പൊലീസ് മ്യൂസിയത്തിൽ കാണാം. കേരളത്തിന്റെ നവോത്ഥാനചരിത്രം മുതൽ മഹാത്മാഗാന്ധി വരെയായി ആ ചരിത്രം 21.69 ഏക്കറിൽ വിശാലമായി കിടക്കുകയായിരുന്നു.
വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നടന്ന മണ്ണ് എന്ന ഖ്യാതിയും ഈ മൈതാനത്തിന് സ്വന്തം. 1809 ജനുവരി 15ന് ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യവും കേണൽ ചാമേഴ്സിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും ഏറ്റുമുട്ടിയ കൊല്ലം യുദ്ധം ഇവിടെയാണ് നടന്നത്.
സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടായ 1915 ലെ കല്ലുമാല സമരത്തിന്റെ സമാപന കേന്ദ്രമായതും പീരങ്കി മൈതാനമാണ്. കല്ലുമാല സമരം കൊടുമ്പിരി കൊണ്ടിരിക്കേ അന്ന് പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്നാഭായിയുടെ ഉടമസ്ഥതയിൽ നടന്നുകൊണ്ടിരുന്ന സർക്കസ് കൂടാരത്തിൽ െവച്ചാണ് അയ്യൻകാളിയുടെ നേതൃത്വത്തിൽ സമ്മേളനം നടന്നത്.
ആയിരക്കണക്കിന് പുലയസ്ത്രീകൾ കഴുത്തിലെ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞ നവോത്ഥാന നിമിഷത്തിനാണ് അന്ന് ഈ മൈതാനം സാക്ഷ്യം വഹിച്ചത്. പിൽക്കാലത്ത് 1927ൽ മഹാത്മാഗാന്ധി ജനങ്ങളോട് സംവദിച്ചതും ഇവിടെയാണ്. 1938 ലെ ചിങ്ങം വിപ്ലവം അഥവാ കന്റോൺമെന്റ് വിപ്ലവ ഭൂമിയായതും ചരിത്രം. മഹാത്മാഗാന്ധിയുടെ നിർദേശത്തെ തുടർന്ന് നിസ്സഹരണ സമരത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകളുടെ നേർക്ക് പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ച ആറ് പേരുടെ ചോരവീണ മണ്ണാണ് പീരങ്കി മൈതാനത്തേത്. ആ ചോരക്ക് മുകളിൽ ചവിട്ടിനിന്നാണ് ഇന്ന് ചരിത്രനിഷേധം അരങ്ങേറുന്നത്.
പകുത്തുകൊണ്ടുപോയ മൈതാനം
ലാൽ ബഹദൂർ സ്റ്റേഡിയം, ക്വയ്ലോൺ അത്ലറ്റിക് ക്ലബ്, സ്പോട്സ് ഹോസ്റ്റൽ, നീന്തൽകുളം എന്നിങ്ങനെ കായികക്കുതിപ്പിനായുള്ള സൗകര്യങ്ങൾക്കായി പീരങ്കി മൈതാനത്തിന്റെ നല്ലൊരു പങ്കും പകുത്തെടുത്ത് പോയപ്പോൾ ചെറുതല്ലാത്തൊരുഭാഗം ദേശീയപാതയോട് ചേർന്നുതന്നെ ബാക്കിയായിരുന്നു.
പൊതുജനങ്ങൾക്ക് കായികപരിശീലനത്തിനും പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ആ ചെമ്മൺ മൈതാനം ഇടമൊരുക്കി. അവിടേക്ക് അപ്രതീക്ഷിതമായാണ് കഴിഞ്ഞവർഷം ഇൻഡോർ സ്റ്റേഡിയവുമായി സ്പോർട്സ് കൗൺസിൽ രംഗപ്രവേശനം ചെയ്തത്. അനുവദിച്ചതിലും 20 സെന്റ് കൂടി എടുത്ത് മൈതാനത്തിന്റെ ഭൂരിഭാഗവും അവർ കെട്ടിത്തിരിച്ചപ്പോഴും ബാക്കിയായ ഒരേക്കറോളം ഭാഗത്ത് പീരങ്കി മൈതാനം നീണ്ടുകിടന്നു. എന്നാൽ, ഇപ്പോൾ ആ നീക്കിയിരിപ്പും നഷ്ടമാകലിന്റെ വക്കിലായപ്പോഴാണ് പ്രതിഷേധവുമായി നാടൊന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിർമാണത്തിനെതിരെ സി.പി.എമ്മും സി.പി.ഐയും
പീരങ്കി മൈതാനം കോൺക്രീറ്റ് കൂടാരമാക്കുന്നതിനെതിരെ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. കലക്ടറേറ്റ് അനക്സ് നിർമിക്കാനുള്ള തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും ഉദ്യോഗസ്ഥരുടേത് മാത്രമാണെന്നുമാണ് ഇരുപാർട്ടികളുടെയും നേതാക്കൾ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ഇരുപാർട്ടികളുടെയും ജില്ല നേതൃത്വം യോഗംചേരും. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതാക്കൾ തമ്മിലും ചർച്ച നടത്തും. അനക്സ് നിർമാണത്തിന് മറ്റൊരുസ്ഥലം കണ്ടെത്താൻ സർക്കാറിനോട് ആവശ്യപ്പെടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.