മാധ്യമ നിയന്ത്രണ ബില്ലിൽ കൂടുതൽ പരിശോധന
text_fieldsതിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന നിയമഭേദഗതി കൂടുതൽ പരിശോധനക്ക് ശേഷമേ നടപ്പാകൂ. മന്ത്രിമാർതന്നെ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനക്ക് ആവശ്യം ഉന്നയിച്ചു. ഇതോടെ വിശദ പരിശോധന നടത്താൻ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 292ാം വകുപ്പ് ഭേദഗതി ചെയ്ത് 292(എ) എന്ന ഉപ വകുപ്പ് കൊണ്ടുവരാനാണ് ഭേദഗതി ലക്ഷ്യമിട്ടത്. ഇതിനനുസൃതമായി ക്രിമിനൽ നടപടി ചട്ടത്തിലെ ചില വ്യവസ്ഥകളും ഭേദഗതി ചെയ്യും.
ബില്ലിലെ വ്യവസ്ഥകൾ വൻ പ്രതിഷേധം വരുത്തുമെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ വിവാദമായേക്കുമെന്നും ചിലർ പറഞ്ഞു. സി.പി.ഐ മന്ത്രിമാർ കൂടുതൽ പരിശോധന ആവശ്യപ്പെട്ടു. സി.പി.എമ്മിലെ ചിലരും ഇതിനോട് യോജിച്ചു. വിശദ പരിശോധനക്കു ശേഷം അടുത്ത മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കവും ചിത്രവും ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയ മാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാൻ തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണെന്നാണു ഭേദഗതി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തയാറാക്കിയ ബില്ലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.