കോടിയേരിയുടെ കൊടിയിറക്കമോ?
text_fieldsകണ്ണൂർ: പിണറായിയും കോടിയേരിയും ജില്ലയിലെ രണ്ടു സ്ഥലനാമങ്ങളാണ്. പിണറായിയിൽനിന്ന് കോടിയേരിക്ക് അധികം ദൂരമില്ല. സി.പി.എമ്മിലെ അധികാര സമവാക്യവും അങ്ങനെയാണ്. വിദ്യാർഥി രാഷ്ട്രീയകാലം മുതൽ പാർട്ടി െസക്രട്ടറിയാവുന്നതുവരെയും പിണറായി വിജയെൻറ പിൻഗാമിയാണ് കോടിയേരി ബാലകൃഷ്ണൻ. അല്ല നിഴൽതന്നെ. മുഖ്യമന്ത്രിപദത്തിലേക്ക് ഇനിയൊരാളെ പാർട്ടി പരിഗണിക്കുകയാണെങ്കിൽ അതും കോടിയേരി ആകുമായിരുന്നു. െസക്രട്ടറി പദവിയിൽനിന്ന് അവധിയെടുത്ത് കോടിയേരി മാറുേമ്പാൾ ആ തുടർച്ചയാണ് കണ്ണിമുറിയുന്നത്.
ചികിത്സക്കായാണ് അവധി. തുടർചികിത്സ അനിവാര്യമായ നിലയിലാണ് രോഗാവസ്ഥ എന്നത് വസ്തുതയാണ്. ചികിത്സ കഴിഞ്ഞാലും കോടിയേരി സെക്രട്ടറിപദത്തിൽ തിരിച്ചെത്തുമോയെന്നതാണ് ചോദ്യം. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് തിരിച്ചുവരാൻ സാധ്യത ഒട്ടുമില്ല. ശേഷം തിരിച്ചുവന്നാലും 2022ൽ നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടാനും സാധ്യത കുറവ്. ചുരുക്കത്തിൽ കോടിയേരിയുടെ കൊടിയിറക്കത്തിെൻറ തുടക്കമാണിത്. മക്കൾ വിവാദം കോടിയേരിയെ പാർട്ടിയിൽ വല്ലാതെ ദുർബലനാക്കി. രോഗം ആരോഗ്യനിലയെയൂം ബാധിച്ചു.
1953ൽ എൽ.പി സ്കൂൾ അധ്യാപകൻ കുഞ്ഞുണ്ണി കുറുപ്പിെൻറ മകനായാണ് ജനനം. 20ാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന െസക്രട്ടറി. 80-82 ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി. 90ൽ സി.പി.എം ജില്ല സെക്രട്ടറി. 95ൽ സംസ്ഥാന സെക്രേട്ടറിയറ്റിൽ. 2002ൽ കേന്ദ്രകമ്മിറ്റിയിൽ. 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ.
82, 87, 2001, 2006, 2011വർഷങ്ങളിൽ നിയമസഭാംഗം. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2015ൽ ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായത്. 2018ൽ തൃശൂർ സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിണറായിയുടെ നിഴലായി തുടരുേമ്പാഴും പെരുമാറ്റത്തിൽ നേർവിപരീതമാണ്.
കാർക്കശ്യമല്ല, സൗമ്യതയാണ് മുഖമുദ്ര. അതുകൊണ്ടാകാം പറയത്തക്ക ശത്രുക്കളായി പാർട്ടിയിലും പുറത്തും ആരുമില്ല.മക്കളാണ് വില്ലന്മാരായത്. ബിനോയിയും ബിനീഷും പലകുറി വിവാദങ്ങളുണ്ടാക്കിയപ്പോഴും പാർട്ടി കൈവിട്ടില്ല. ബിനോയിയുടെ ചെക്ക്കേസും പെൺകേസും പരിക്കില്ലാതെ ഒതുക്കി.
ഇക്കുറി കഥ മാറി. ബിനീഷിന് ഇ.ഡി ഒരുക്കിയത് ഊരാക്കുടുക്കാണ്. അത് പാർട്ടിയും കോടിയേരിയും തിരിച്ചറിയുന്നു. ബിനീഷ് പ്രശ്നത്തിൽ പാർട്ടിയിലെ മുറുമുറുപ്പ് ചെറുതല്ല. പിണറായി ഉൾപ്പെടെ നേതാക്കൾ ബിനീഷിെന തള്ളിപ്പറഞ്ഞതോടെ കോടിയേരി ഒറ്റപ്പെട്ടു.
ബിനീഷ് പ്രശ്നമാണ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ മുഖ്യ ആയുധം. മാത്രമല്ല, അമിത് ഷായുടെ ഇ.ഡി സംഘം എവിടെയൊക്കെ, എന്തൊക്കെ ചിക്കിചികയുമെന്നതിൽ ഒരുതിട്ടവുമില്ല. ഈ ഘട്ടത്തിൽ പാർട്ടിയുടെകൂടി രക്ഷ കണക്കിലെടുത്ത് സ്ഥാനത്തുനിന്ന് മാറാൻ കോടിയേരി സ്വയം തീരുമാനിക്കുകയായിരുന്നു. പാർട്ടി ആഗ്രഹിച്ചതും അതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.