ഓർമയായത് അഴിമതികൾക്ക് നേരെ പോർമുഖം തുറന്ന വ്യവഹാരി
text_fieldsകൊച്ചി: അഴിമതി ആരോപണമുയർന്ന പ്രധാന സംഭവങ്ങളിൽ നിയമയുദ്ധം തുടങ്ങിവെക്കുകയും അതിലൂടെ പൊതുചർച്ചക്ക് വഴിയൊരുക്കുകയും ചെയ്ത വ്യവഹാരിയാണ് തിങ്കളാഴ്ച മരിച്ച കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു. പുറംലോകം അറിയാതിരുന്ന ചില അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരാൻ മാത്രമല്ല, കോടതിയുടെ പരിഗണനയിലെത്തിക്കാനും അദ്ദേഹത്തിനായി. ഒട്ടേറെ കേസുകൾ വിജിലൻസ് കോടതികളിലും ഹൈകോടതികളിലും ബാക്കിനിർത്തിയാണ് അപ്രതീക്ഷമായി ഗിരീഷ് വിടവാങ്ങിയത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണമുയർന്ന മാസപ്പടി കേസിലെ ഹരജി തിങ്കളാഴ്ച ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ പരിണനയിലിരിക്കെയാണ് രാവിലെതന്നെ മരണവാർത്ത പുറത്തുവരുന്നത്. പിന്നീട് ഈ ഹരജി കോടതിയിലെത്തിയെങ്കിലും ഹരജിക്കാരന്റെ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകൾക്കും പുറമെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവരെല്ലാം ആരോപണവിധേയരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
പാലാരിവട്ടം മേൽപാലം കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികളാണ് ഗിരീഷ് ബാബുവിനെ ഏറെ ശ്രദ്ധേയനാക്കിയത്. മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് അനധികൃതമായി സമ്പാദിച്ച 10 കോടി ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തതിൽ ഇബ്രാഹീംകുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി നൽകി. ഈ ഹരജിയും കോടതി ഇടപെടലുകളും മറ്റും ഏറെ ചർച്ചാ വിഷയമായിരുന്നു. എറണാകുളം ലോ കോളജിലെ നിയമ പഠനം കേസ് നടത്തിപ്പിൽ ഗിരീഷിന് ഏറെ സഹായകവുമായി.
ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ട് 35.35 കോടിക്ക് കരാർ നൽകിയ അഞ്ച് അപ്രോച് റോഡുകളുടെ നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. വിവാദ സ്വാമി സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനത്തിന് ഹൈടെക് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മിച്ചഭൂമി ദാനം നടത്തിയെന്ന കേസില്‍ മുൻ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത് ഗിരീഷിന്റെ ഹരജിയിലായിരുന്നു. ചിലവന്നൂർ കായല്‍ കൈയേറി ബോട്ട്ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന് ആരോപിച്ച് നടൻ ജയസൂര്യ, ലൈംഗിക അതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് പരസ്യപ്പെടുത്തിയതിന് നടൻ അജു വര്‍ഗീസ്, കൊച്ചി വിമാനത്താവള ഓഹരി നിയമവിരുദ്ധമായി അനുവദിച്ചെന്ന പരാതിയിൽ മുൻ എം.ഡി വി.ജെ. കുര്യനടക്കം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.
സൗത്ത് കളമശ്ശേരിയിലെ എസ്.സി ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ അനർഹർക്ക് അനുവദിക്കുന്നത് തടയുക, മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും ഹഡ്കോയുടെ പുനരധിവാസ ഭൂമി വാട്ടർ അതോറിറ്റി ഭൂമി കൈയേറിയവർക്ക് കൈമാറിയ നടപടി ചോദ്യം ചെയ്തും വിജിലൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പി.എസ്.സി അംഗത്വത്തിന് എൽ.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.പിയുടെ നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് നൽകിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തിയിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പ്, മൂന്നാർ -ബോഡിമെട്ട് റോഡിൽനിന്ന് കരാറുകാരന്റെ പാറ കടത്തൽ, കൊച്ചി സർവകലാശാല ഭൂമി കൈയേറ്റം തുടങ്ങിയവയടക്കം നൂറുകണക്കിന് വിഷയങ്ങളിൽ പരാതിയുമായി വിവിധ വകുപ്പുകളെയും ഗിരീഷ് സമീപിച്ചിട്ടുണ്ട്.
പല ഹരജികളിലും പരാതികളിലും നടപടികൾക്ക് ബന്ധപ്പെട്ട കോടതികൾ ഉത്തരവിട്ടിട്ടുണ്ട്. ചില കേസുകളിൽ ഇപ്പോഴും നടപടികൾ തുടരുന്നു. മറ്റു ചിലത് തെളിവില്ലെന്ന് കണ്ട് തള്ളുകയും ചെയ്തിട്ടുണ്ട്. കേസുകളുമായി തിരക്കിലായിരിക്കെതന്നെ സിനിമ പ്രവർത്തകനായും സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.