സി.പി.എമ്മിനെ വിടാതെ ജി. ശക്തിധരൻ; ‘വീണ ആപ്പിൾ ശരിക്കും ന്യൂട്ടന്‍റെ തലയിൽ അടിച്ചോ ഇല്ലയോ?’
text_fieldsകോഴിക്കോട്: കോടികൾ കൈതോലപ്പായയിൽ കടത്തിയെന്ന ആരോപണത്തിൽ സി.പി.എമ്മിനെ വിടാതെ ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. അനധികൃതമായി പിരിച്ച കോടികൾ കൈതോലപ്പായയിലാണോ മറ്റേതെങ്കിലും മാർഗമാണോ കൊണ്ടു പോയതിലാണ് തർക്കമെന്ന് ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക സമാധാനത്തിന് കോടികൾ കേരള ഖജനാവിൽ കണ്ടെത്തിയവർക്ക് ഒന്നും നിഷിദ്ധമല്ലെന്നും ശക്തിധരൻ ചൂണ്ടിക്കാട്ടുന്നു.
ജി. ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ന്യുട്ടന്‍റെ തലയിൽ ശരിക്കും ആപ്പിൾ വീണോ?
ആധുനിക മാധ്യമപ്രവർത്തനത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും രീതിശാസ്ത്രം വിമർശനാത്മകമായി പഠിക്കാൻ ലഭിച്ച
ഒരു ടെസ്റ്റ് ഡോസ് ആണ് ഒരു ഉന്നത രാഷ്ട്രീയ നേതാവ് രേഖയോ രസീതോ ഇല്ലാതെ അനധികൃതമായി രണ്ടുദിവസം കൊണ്ട് കോടികൾ സമാഹരിച്ചു കാറിൽ കടത്തിയ സംഭവം. ഇത് വ്യാജവാർത്തയാണെന്ന് നേതാവിന്‍റെ സഹപ്രവർത്തകരിൽ ഏതാനും ചിലർ വളരെ വൈകി സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഫലത്തിൽ പണം സമാഹരിച്ചു എന്നതിലോ അനധികൃതമായി കടത്തി എന്നതിലോ അവർക്കും തർക്കമുണ്ടാകാനിടയില്ല.
ഏതെങ്കിലും സംഭവം സംസ്ഥാനത്തെ പിടിച്ചുകുലുക്കും വിധം കോളിളക്കം സൃഷ്ടിച്ചാൽ അതിന്മേൽ ഏകപക്ഷീയമായി മൗനം പൂണ്ടിരുന്നാൽ ആ വാർത്ത താനേ ചത്തുകൊള്ളുമെന്ന അഭിനവ ആർക്കമെഡീസ് സിദ്ധാന്തത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിത്. ഐസക് ന്യൂട്ടൺ ഗ്രാവിറ്റി തിയറി കണ്ടുപിടിച്ചപ്പോൾ അനാവശ്യ വിവാദങ്ങളിൽ കടന്നുപിടിച്ചു ആ മഹാസംഭവത്തിന്‍റെ ഗൗരവം കുറയ്ക്കാൻ ശ്രമിച്ചതുപോലെയാണ്, ഇവിടെ അനധികൃത പണപ്പിരിവും അത് കടത്തിക്കൊണ്ടുപോകലും നടന്നോ എന്ന് പരിശോധിക്കാതെ അത് പൊതിഞ്ഞത് കൈതോലപ്പായയിലാണോ അല്ലയോ എന്ന വിവാദം കുത്തിയിളക്കിയത്.
പ്ലേഗ് മൂലം കേംബ്രിഡ്ജ് അടച്ചപ്പോൾ വൂൾസ്റ്റോർപ്പിൽ താമസിച്ചിരുന്ന ഐസക് ന്യൂട്ടന്‍റെ കുടുംബസ്വത്തിൽ ഉണ്ടായിരുന്ന ആപ്പിൾ മരങ്ങളിൽ ഒന്നോ രണ്ടോ ആപ്പിൾ വീഴുന്നത് ന്യൂട്ടൺ കണ്ടിട്ടുണ്ടാകമെന്ന് ദോഷൈകദൃക്കുകളും സമ്മതിച്ചിരുന്നു . എന്നാൽ അത് ന്യൂട്ടന്‍റെ തലയിൽ തന്നെ യഥാർത്ഥത്തിൽ വീണോ എന്നതിൽ തർക്കമുന്നയിച്ചാണ് അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ ഗ്രാവിറ്റി തിയറിയുടെ ഉറവിടം തമസ്കരിക്കാൻ വിഫലശ്രമം നടത്തിയത്. വീണ ആപ്പിൾ ശരിക്കും ന്യുട്ടന്‍റെ തലയിൽ അടിച്ചോ ഇല്ലയോ എന്നത് അന്നുമുതലേ തർക്കവിഷയമാണ്. അതുപോലെയാണ് അനധികൃതമായി പിരിച്ച കോടികൾ കൈതോല പായയിലാണോ മറ്റേതെങ്കിലും മാർഗ്ഗമാണോ കൊണ്ടുപോയെന്നതിലെ തർക്കവും. ആപ്പിൾ വീണു എന്നതും അത് നുള്ളിപ്പെറുക്കി വാരിക്കൂട്ടി കെട്ടി എന്നതിലും ആർക്കും തർക്കമില്ല.
ഗുരുത്വാകർഷണ നിയമം സ്ഥാപിച്ചെടുക്കുമ്പോൾ ഒരു നാടകീയത ഉണ്ടാക്കാൻ ന്യൂട്ടൺ ഒരു കഥ മെനഞ്ഞുണ്ടാക്കി എന്ന് വാദിക്കുന്നതു പോലെയാണ് ഇതും. ഈ ആപ്പിളുകളും അത് തലയിൽ കൊണ്ട ന്യുട്ടണേയും പൊലീസ് സമക്ഷം ഹാജരാക്കിയാലേ ഈ തിയറി വിശ്വസിക്കൂ എന്ന് ശഠിക്കുന്നതിലെ മൗഢ്യവും വിസ്മയകരം.
കേരളത്തിൽ അനധികൃതമായി സമാഹരിച്ച കോടികളുടെ കഥ കോളിളക്കം സൃഷ്ടിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികൾ ആവശ്യം കഴിഞ്ഞപ്പോൾ അതിന്റെ സ്വിച്ചിട്ട് അത് ഇരുട്ടിലാക്കി. ഇതു വർഷങ്ങളായി കേരളം കണ്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ ആധുനിക രീതിശാസ്ത്രത്തിന്റെ പുനർവായന ആവശ്യമാണെന്ന് തോന്നുന്നത്. ആരാണ് ഇവിടെ ജനങ്ങളെ ചതിച്ചത്? വാർത്ത പുറത്തുകൊണ്ടുവന്ന ഞാനോ തുടക്കത്തിൽ കാടിളക്കിയ മാധ്യമപ്രവർത്തകരോ 'വേണമോ വേണ്ടയോ' എന്ന സന്നിഗ്ധതയിൽ നിന്ന രാഷ്ട്രീയ നേതാക്കളോ? അതോ ഇതിലൊന്നും പെടാത്ത മറ്റാരെങ്കിലുമോ?
പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഏറ്റവും കോളിളക്കം സൃഷ്ടിച്ച കുംഭകോണകളുടെ ചൂടുപിടിച്ച ചർച്ച നടക്കുമ്പോൾ അതിന് ദൃക്‌സാക്ഷിയാകാൻ അവസരം ലഭിച്ചിട്ടുള്ള മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഞാൻ. അപ്പോഴൊക്കെ ഇന്ത്യയിലെ ഇടതുപക്ഷം അവകാശപ്പെടാറുള്ളത് ഈ കുംഭകോണങ്ങൾക്കെല്ലാം അതീതമായ, ആ അഴുക്കിന്റെയൊന്നും കറപുരളാത്ത ഏക പാർട്ടിയാണ് സിപിഎം എന്നായിരുന്നു. പ്രസ് ഗാലറിയിലിരുന്ന് ഇതുകേട്ട് ശരീരം കോൾമയിർക്കൊണ്ടിട്ടുണ്ട്. സോമനാഥ് ചാറ്റർജി ഘനഗംഭീര ഭാഷയിൽ ഇങ്ങിനെ പ്രസംഗിച്ചു ആനന്ദിക്കുമ്പോൾ സംശുദ്ധിയുടെ വെള്ളരിപ്രാവുകൾ ഇടതുപക്ഷം അന്തരീക്ഷത്തിലേക്ക് പറത്തിവിടുകയാണെന്ന് സങ്കൽപ്പിച്ചിട്ടുണ്ട്. പ്രതിപപക്ഷത്തെയും ഭരണപക്ഷത്തേയും ബഞ്ചുകളിൽ ഇരിക്കുന്ന എം.പിമാരുടെ മുഖഭാവം അപ്പോൾ എന്തെണെന്നറിയാൻ വെമ്പൽകൊണ്ടിട്ടുണ്ട്.
എന്നാൽ ഇന്ന് റിപ്പാർട്ടിങ്ങിനെ എത്തുന്ന ഇടതുപക്ഷ മാധ്യമ പ്രവർത്തകർക്ക് തലകുമ്പിട്ടല്ലാതെ അവിടെ ഇരിക്കാനാകുമോ? നരേന്ദ്രമോദി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരോട് സ്വീകരിക്കുന്ന സമീപനം പിന്തുടർന്നാൽ കട്ടുതിന്നുന്നതിന് കുടുംബ സമേതം എന്നേ ജയിലിലടക്കപ്പെടേണ്ടവരാകുമായിരുന്നു. എന്തൊക്കെ കൊള്ളകൾ? ഇടതടവില്ലാത്തത്ര കൊള്ളകൾ? തനിക്ക് ശേഷം പ്രളയം എന്ന് ആഗ്രഹിക്കുന്ന ആളിനെ ആർക്ക് നേർവഴിക്ക് നയിക്കാൻ പറ്റും. ഇങ്ങിനെ മൂഢരുടെയും വിഡ്ഢികളുടെയും സമൂഹമായി എങ്ങിനെ കേരളം മാറി?. അതാണ് ഏകാധിപതിയുടെ സാമർഥ്യം. ഒരിക്കൽക്കൂടി കുവൈത്ത് ഭരണാധികാരി കേരളം സന്ദർശിക്കണം എന്ന് അടിമകൾ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. ഒരു ചീത്ത സമൂഹം എങ്ങിനെ നിർമ്മിക്കാം എന്നതിന്റെ വാർപ്പ് മാതൃകയാണ് ഇത്. ലോകസമാധാനത്തിന് കോടികൾ കേരള ഖജനാവിൽ കണ്ടെത്തിയവർക്ക് ഒന്നും നിഷിദ്ധമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.