Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കൈതോലപ്പായയിൽ പണം...

​കൈതോലപ്പായയിൽ പണം കടത്തിയവരുടെ പേര് വെളിപ്പെടുത്തി ജി. ശക്തിധരൻ

text_fields
bookmark_border
​കൈതോലപ്പായയിൽ പണം കടത്തിയവരുടെ പേര് വെളിപ്പെടുത്തി ജി. ശക്തിധരൻ
cancel

​കൊച്ചി: സി.പി.എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍വെച്ച് 2.35​ കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ്‌ കൊണ്ടുപോയെന്ന തന്റെ ആരോപണത്തിൽ വ്യക്തത വരുത്തി ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. സംഭവത്തിൽ പരാമർശിച്ച വ്യക്തികൾ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും ആണെന്ന് വ്യകതമായ സൂചന നൽകുന്ന ഫേസ്ബുക് കുറിപ്പുമായാണ് ശക്തിധരൻ വീണ്ടും രംഗത്തെത്തിയത്.

രണ്ട് ദിവസം ദേശാഭിമാനി ഓഫിസിൽ താമസിച്ച്‌ പണം സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി. രാജീവ് ആണെന്നും താൻ തുറന്ന് എഴുതിയാലും ഇവിടെ ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ശക്തിധരൻ പറഞ്ഞു. ‘എന്തെന്നാൽ, അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പണം കൊണ്ടുപോയത് സംബന്ധിച്ച വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ശക്തിധരന്‍ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങവേയാണ് പുതിയ വെളിപ്പെടുത്തൽ.

പുതിയ കുറിപ്പ് വായിക്കാം:

നട്ടുച്ചയ്ക്ക് ഇരുട്ടോ?

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ .. കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലേ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ.

കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക്‌ കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വൻകിടക്കാർക്ക് ഇവരിൽ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല.. എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്‌ക്കണ്ടിയിൽ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തം.

2 .35 കോടിരൂപ ഒരു രേഖയുമില്ലാതെ രാത്രി കടത്തിയതിനെക്കുറിച്ചു ഞാൻ എഴുതിയപ്പോൾ ആ പണം പൊതിഞ്ഞുവെച്ച കൈതോല പായ്ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാധ്യമ പ്രതിഭകൾക്കു നല്ലനമസ്‌ക്കാരം പറയാതിരിക്കാനാവില്ല. ഇത്രയും ഗൗരവതരമായ ഒരാരോപണം ഏതെങ്കിലും രാഷ്ട്രീയ നേതാവിനെക്കുറിച്ചു കേരളം കേട്ടിട്ടുണ്ടോ? ആ ദശലക്ഷങ്ങൾ ആവിയാക്കി കളഞ്ഞു അതിലെ പായയെ മാത്രം ഊരിയെടുത്ത് നടത്തിയ മാധ്യമപ്രവർത്തകരുടെ ആഘോഷത്തിന് മാധ്യമ രംഗത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹർ തന്നെ. 2.35 കോടി രൂപക്ക് ഒരുവിലയുമില്ല. മൂല്യം മുഴുവൻ കൈതോലപ്പായ്ക്ക്. ഓക്സ്ഫോർഡിലെയും കേംബ്രിഡ്‌ജിലെയും മാധ്യമപരിശീലന സ്ഥാപനങ്ങളിൽനിന്ന് മലയാളി വിദഗ്‌ധർ ഒന്നും ഇറങ്ങുന്നില്ലേ? അതോ ചെങ്കൽച്ചൂളയാണ് ഇപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ തലസ്ഥാനം?

അതിലേറെ കിടിലൻ മാധ്യമ അവലോകനങ്ങൾ കാണാനിടയായി. എന്റെ വാർത്തയിൽ ആരുടേയും പേര് പറഞ്ഞില്ലത്രേ. ഇതെന്ത് പത്രപ്രവർത്തനം എന്നാണ് ചോദ്യം. ഞാൻ പേരുകൾ അണ്ണാക്കിൽ കൊണ്ട് വെച്ച് കൊടുത്തിരുന്നെങ്കിൽ ഉപ്പുതൊടാതെ വിഴുങ്ങുമായിരുന്നോ? അമേരിക്കൻ പ്രസിഡന്റ് ക്ലിന്റന്റെയും മൊണിക്ക ലെവിൻസ്കിയുടെയും അവിശുദ്ധ ബന്ധം ചിത്രീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് കണ്ണോടിച്ചു നോക്ക് എന്നിട്ട്. ഒരു നല്ല പത്രപ്രവർത്തകൻ ആകൂ. ലെവിൻസ്കിയുടെ അടിവസ്ത്രം വരെയുള്ള വർണ്ണനയുടെ ധ്വനികൾ വായിച്ചവരിൽ ആരുമില്ലേ?. സാമ്പത്തിക കുറ്റാന്വേഷണ വാർത്തകളിലെ ഫിക്ഷൻ ആദ്യം വായിച്ചുപഠിക്കണം. എന്നിട്ട് ആസ്വദിക്കണം. മാധ്യമ പടുക്കളേ.!

ലോകപ്രശസ്തമായ കമ്മ്യുണിസ്റ്റ് വിരുദ്ധ നോവലായ "നട്ടുച്ചക്ക് ഇരുട്ട്" എഴുതിയ ആർതർ കൊയ്‌ത്‌സറിൽ "നമ്പർ വൺ" എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. കോസ്റ്റലർ പേരിടാത്ത സ്റ്റാലിന്റെ കാലത്തെ ജയിലാണ് ഒരു കഥാപാത്രം. ഭയാനകമായ ഏകാധിപതിയുടെ വിവരണം അനുപമാണ്. സൈനിക മേധാവികൾ പ്രേയസിമാർക്ക് കൈമാറുന്ന കത്തുകളിൽ പോലും "നട്ടുച്ചയ്ക്ക് ഇരുട്ട്" കടന്നു കയറിവന്ന് കൈമാറേണ്ട ആശയം പൂർത്തീകരിക്കപ്പെടുന്നു. എന്തെന്ത് പ്രഹേളികകൾ നോവലിൽ അങ്ങിങ്ങായി കിടക്കുന്നു.

ഞാൻ ആ പോസ്റ്റിൽ ലക്‌ഷ്യം വെച്ചതെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ്. ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാർ തന്നെയാണ്, അതിനപ്പുറം ഞാൻ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്നവരെ ആർക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം.വി. ഗോവിന്ദന്മാരാണ്. അവർ പകൽ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.

കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോൾ കാണാനില്ല. ഈ ഘട്ടത്തിലും സിപിഎമ്മിന്റെ വിജയം ഗോവിന്ദൻ സഖാവ് പ്രവചിക്കണമെങ്കിൽ ഉച്ചക്കിറുക്ക് ആവാനേ വഴിയുള്ളൂ.

പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കിൽ ഉച്ചക്കിറുക്ക്‌ പിടിപെട്ടവനായിരിക്കും. ഫാസിസ്റ്റ് വാഴ്ചകൾ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത്‌ നേരിൽ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ്. കമ്മ്യുണിസ്റ്റുകാർക്ക് കാലുകുത്താൻ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വരെ എത്തിക്കഴിഞ്ഞു. ഇനി അത് ധൂളിയാകാൻ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യുണിസത്തിന് തകരണമെങ്കിൽ അതിന് പോന്ന എതിർ ശക്തി ഉയർന്നുവരണം. അതാണ് ബംഗാളിൽ സംഭവിച്ചത്. കേരളത്തിൽ അൽപം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G Sakthidharan
News Summary - G Sakthidharan reveals the name of of kaitholappaya money smuggling
Next Story