ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ: ഗവൺമെന്റും പൊലീസും കള്ളകളി നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം : ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഗവൺമെന്റും പൊലീസും കള്ളകളി നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്രയും ഗുരുതരമായ ആരോപണമാണ് ശക്തിധരൻ ഉന്നയിച്ചിട്ടുള്ളത്. എറണാകുളത്ത് നിന്നും എഫ്.ഐ.ആർ എടുത്ത് അന്വേഷണം നടത്തുകയാണ് പൊലീസ് ചെയ്യേണ്ടത്.
സാധാരണക്കാരന്റെ പേരിലാണ് ഇതെങ്കിൽ പൊലീസ് എന്താണ് ചെയ്യുക. എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തും അതിനു പകരം പരാതി എ.ഡി.ജി.പിക്ക് കൈമാറുകയാണ് ഡി.ജി.പി ചെയ്തത്. ഇത് പൊലീസിന്റെ ചട്ടവിരുദ്ധമായ നടപടിയാണ്. ഇത് കേട്ടുകേൾവിപോലും ഇല്ലാത്തതാണ്.
എവിടെവച്ചാണോ കേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാൻ പരാതി എ.ഡി.ജി പിക്ക് കൈമാറിയത്. ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.
ശക്തിധരന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷിക്കുന്നില്ല. അപ്പോൾ ഒരു നീതിയും ആർക്കും കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഇവിടെ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കള്ളക്കളിയാണ് നടക്കുന്നത്. ഇപ്പോൾ കേന്ദ്രമന്ത്രി വി. മുരളീധരൻ പറയുന്നത് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നാണ്. ഇതു സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാൻ കഴിയുവെന്നാണ് വി. മുരളീധരന്റെ ഭാഷ്യം.
ഇന്ത്യയിലെമ്പാടും കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോയെന്നും ചെന്നിത്തല ചോദിച്ചു. ബെന്നി ബെഹനാൻ കൊടുത്ത പരാതി എ.ഡി.ജി.പി ക്ക് കൈമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ കടുത്ത സി.പി.എം സൈബർ ആക്രമണമാണ് അദ്ദേഹത്തിനു നേരെയുള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണ്.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണ്. ബാങ്ക് വായ്പ അടക്കം എടുത്താണ് നിർമിച്ചത്. അല്ലാതെ കള്ളപ്പണംകൊണ്ട് പണി തീർത്തതല്ല രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. മാധ്യമ പ്രവർവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.