‘ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല’; സി.പി.എമ്മിലെ പ്രായപരിധിക്കെതിരെ ജി. സുധാകരൻ
text_fieldsകൊല്ലം: പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരൻ ചോദിച്ചു. ഇ.എം.എസിന്റേയും എ.കെ.ജിയുടേയും കാലത്തായിരുന്നെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്‍റെ വിരമിച്ച അധ്യാപകരുടെ പരിപാടിയിലാണ് സുധാകരൻ പ്രായപരിധി നിബന്ധനയെ രൂക്ഷമായി വിമർശിച്ചത്. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ? ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും? 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസ്സായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും സുധാകരന്‍ ചോദിച്ചു.
ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കിൽ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാൻ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താൽപര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.