അമ്പലപ്പുഴയിലെ വീഴ്ച; സി.പി.എം അന്വേഷണ കമീഷൻ തെളിവെടുപ്പ് തുടങ്ങി
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ മുൻ മന്ത്രി ജി. സുധാകരൻ അടക്കമുള്ളവരുടെ വീഴ്ചയെക്കുറിച്ച ആരോപണത്തിൽ സി.പി.എം അന്വേഷണ കമീഷൻ തെളിവെടുപ്പ് ആരംഭിച്ചു.
കമീഷൻ അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവർക്ക് മുന്നിൽ ഹാജരായ സുധാകരൻ മൂന്നരമണിക്കൂറിലേറെ നിലപാടുകൾ വിശദീകരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കിയതിനൊപ്പം എഴുതി തയാറാക്കിയ കണക്കുകളും വിശദീകരണങ്ങളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. അമ്പലപ്പുഴയിൽ മാത്രമല്ല, ആലപ്പുഴയിലും അരൂരിലും സമാനരീതിയിൽ ബൂത്തുതലത്തിൽ വോട്ടുചോർച്ചയുണ്ടായെന്ന കണക്കുകളും ഇതിൽ ഉൾപ്പെടുന്നതായാണ് സൂചന. സുധാകരനാണ് കമീഷന് മുന്നിൽ ആദ്യം തെളിവെടുപ്പിന് ഹാജരായത്.
ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. പ്രസാദ്, കെ. രാഘവൻ എന്നിവരിൽനിന്നും വിവരങ്ങൾ തേടി. സുധാകരനെതിരെ ഗുരുതര ആരോപണമുന്നയിച്ച എച്ച്. സലാം എം.എൽ.എ ഉച്ചക്കുശേഷമാണ് കമീഷന് മുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് വീഴ്ചയുണ്ടായെന്ന് പാർട്ടി യോഗങ്ങളിൽ ആരോപണങ്ങളും പരാതിയും ഉന്നയിച്ചവരില്നിന്നാണ് പ്രധാനമായും വിവരങ്ങള്‍ തേടുന്നത്.
അമ്പലപ്പുഴയിൽ പാര്‍ട്ടി സ്ഥാനാര്‍ഥി എച്ച്. സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. വിമര്‍ശനങ്ങളുയര്‍ന്ന ജില്ല നേതൃയോഗത്തിലും തെരഞ്ഞെടുപ്പ് അവലോകനരേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയിലും സുധാകരന് വിട്ടുനിന്നിരുന്നു. അമ്പലപ്പുഴയില്‍ സീറ്റ് ലഭിക്കാത്തതിെൻറ എതിര്‍പ്പ് സുധാകരൻ പ്രചാരണത്തിനിടെയും അല്ലാതെയും പ്രകടിപ്പിെച്ചന്നായിരുന്നു പ്രധാന ആരോപണം.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി എസ്.ഡി.പി.ഐക്കാരനാണെന്ന് പ്രചാരണം ഉയർന്നിട്ടും പ്രതിരോധിക്കാന്‍ സുധാകരന് ശ്രമിച്ചില്ലെന്നായിരുന്നു സലാമിെൻറ പ്രധാന പരാതി.
കുടുംബയോഗങ്ങളിലെ ശരീരഭാഷ വോട്ടര്‍മാര്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കുന്നതായിരുന്നു. മണ്ഡലത്തില്‍ വികസനരേഖ പുറത്തിറക്കിയില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇത് തെളിയിക്കാൻ സുധാകരനെതിരെയുള്ള ശബ്ദരേഖയടക്കം തെളിവുകൾ ഹാജരാക്കിയതായാണ് വിവരം. തെളിവെടുപ്പ് ഞായറാഴ്ചയും തുടരും.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചുമതലയുണ്ടായിരുന്ന സി.പി.എം അംഗങ്ങൾ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്്. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ, ജില്ല കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവരിൽനിന്നും വിവരങ്ങൾ തേടും. അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് കമീഷൻ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.