Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൻെറ അനുജന്‍ കോളേജ്...

തൻെറ അനുജന്‍ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതല്ല- ജി സുധാകരൻ

text_fields
bookmark_border
തൻെറ അനുജന്‍ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതല്ല- ജി സുധാകരൻ
cancel

ആലപ്പുഴ: തൻറെ അനുജന്‍ ജി.ഭുവനേശ്വരന്‍ പന്തളം കോളേജിലെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് മരിച്ചതാണെന്ന അഖിലകേരള തന്ത്രി മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം തള്ളി മന്ത്രി ജി.സുധാകരൻ രംഗത്ത്. തൻറെ ഫേസ്ബുക്ക് പേജിലാണ് ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹം എത്തിയത്.

ജി.സുധാകരൻെറ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

അനുജന്‍ ജി.ഭുവനേശ്വരന്‍ പന്തളം കോളേജിലെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് മരിച്ചതാണെന്ന് അഖിലകേരള തന്ത്രി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. സ: ജി.ഭുവനേശ്വരന്‍ പന്തളം എന്‍.എസ്.എസ് കോളേജില്‍ പഠിക്കുന്ന കാലം, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. മൂവായിരത്തിലെറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തളം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായിട്ട് ചുമതല ഏൽക്കുമ്പോള്‍ ഭുവനേശ്വരന് വയസ്സ് 17.

18 മത്തെ വയസ്സില്‍ 2-ാം വര്‍ഷ ബി.എ എക്കണോമിക്സിന് പഠിക്കുമ്പോള്‍ കെ.എസ്.യു വിന്‍റെയും പന്തളത്തെ പ്രമാണിമാരുടെ സംഘമായ ഡി.എസ്.യു വിന്‍റെയും മര്‍ദ്ദനമേറ്റാണ് രക്തസാക്ഷിയാകുന്നത്. ഭുവനേശ്വരന്‍ എന്‍റെ ഏറ്റവും ഇളയ അനുജനാണ്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ 1977 ഡിസംബര്‍ 2 ന് എസ്.എഫ്.ഐ കാരും കെ.എസ്.യു കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പന്തളത്തെ പ്രമാണിമാരായ കുറച്ചാളുകളുടെ മക്കളും അവരുടെ ഗുണ്ടകളുടെ മക്കളുമാണ് കെ.എസ്.യു വില്‍ ഉണ്ടായിരുന്നത്. അന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് ഭാഗത്തും പരിക്കേറ്റു.

ഇതൊന്നും അറിയാതെ ഭുവനേശ്വരന്‍ ക്ലാസിലായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്ത് മര്‍ദ്ദിക്കുന്നു എന്നതറിഞ്ഞ് ഭുവനേശ്വരന്‍ ക്ലാസില്‍ നിന്നും ഇറങ്ങി സംഭവസ്ഥലത്തേക്ക് ചെല്ലുന്നിടയ്ക്ക് പ്രിന്‍സിപ്പലിന്‍റെ മുറിക്ക് മുന്നില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഭുവനേശ്വരനെ തടഞ്ഞ് സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു.

ആ അടിയില്‍ കണ്ണ് പൊട്ടുകയും പിന്നീട് തപ്പിതടഞ്ഞ് ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ മുറിയിലേക്ക് ഓടിക്കയറി വിശ്രമിക്കുമ്പോള്‍ അവിടേയും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തി വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് തലകീഴായി വെച്ച് സിമന്‍റ് തറയില്‍ പലതവണ തല അടിക്കുകയും ചെയ്തതോടെ അബോധാവസ്ഥയിലായപ്പോൾ അവര്‍ ഉപേക്ഷിച്ചു.

ഉച്ചയോടെയാണ് അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോൾ തന്നെ അവർ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയുള്ള ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ തന്നെ മാറ്റുകയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് ഡോ: നമ്പ്യാര്‍ പരിശോധിച്ചതിന് ശേഷം പറഞ്ഞത് ഓപ്പറേഷന്‍ ചെയ്തിട്ടും കാര്യമില്ല എന്നായിരുന്നു..

തലച്ചോറ് തകര്‍ന്ന് കലങ്ങി പോയിരുന്നു.. 5 ദിവസം അബോധാവസ്ഥയില്‍ കിടന്ന ഭുവനേശ്വരനെ ഡിസംബര്‍ 7 ന് രാവിലെ ഓപ്പറേഷന്‍ നടത്തുകയും 12 മണിയോടെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്ത് കൊണ്ട് വന്നെങ്കിലും 12.30 ഓടെ ഭുവനേശ്വരന്‍ എസ്.എഫ്.ഐ യുടെ രക്തസാക്ഷിയായി..


കേസ് മനപൂർവ്വം താറുമാറാക്കി അന്നത്തെ പോലീസ് ആവശ്യമായ തെളിവ് ശേഖരിക്കാതെ കോടതിയെ സമീപിച്ചപ്പോള്‍ ഇതില്‍ ഒന്നാമതായി ശിക്ഷിക്കേണ്ടത് കൊന്നവരെയല്ല കേസ് തയ്യാറാക്കിയവരെയാണെന്നാണ് അന്ന് ജഡ്ജി പറഞ്ഞ വാക്കുകള്‍.. ഇതൊന്നും അറിയാതെ സവര്‍ണ്ണ പൗരോഹിത്യം അവരുടെ താന്ത്രിക ജോലികള്‍ ഉപേക്ഷിച്ച് അപസർപ്പക കഥകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. നേരത്തെ തന്നെ കണ്ഠരര് രാജീവര് ശബരിമല നട പൂട്ടി താക്കോലുമായി പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശബരിമല ശാസ്താവിനെ ഉപേക്ഷിക്കാന്‍ മടിയില്ലാത്തവര്‍ക്ക് രക്തസാക്ഷിയെ അപമാനിക്കുന്നതിന് ഒരു മടിയും ഉണ്ടാകില്ലായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..

തന്ത്രി സമാജം തന്ത്രി കണ്ഠരര് രാജീവരും തന്ത്രി സമാജത്തിലെ മാന്യവ്യക്തികളും ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഫ്യൂഡൽ പൗരോഹിത്യത്തിന് തകർച്ചയുടെ തുടക്കമാണെന്ന് ചരിത്രത്തെ സാക്ഷിനിർത്തി ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. ശബരിമല കാര്യത്തിൽ ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശബരിമലയിലെ കാര്യത്തിൽ രക്തസാക്ഷി ഇടപെട്ടിട്ടില്ല, രക്തസാക്ഷിയെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. വിനാശകാലേ വിപരീതബുദ്ധി എന്ന് മാത്രമേ ബഹുമാനപ്പെട്ട തന്ത്രി സമാജത്തോട് പറയാനുള്ളൂ. ഞങ്ങളുടെ പഴയ സഖാവും എന്റെ സുഹൃത്തുമായ പന്തളം ശശിക്കും സംഭവിച്ചത് ഇതുതന്നെയാണ്. അദ്ദേഹത്തെയും തന്ത്രി സമാജത്തെയും അയ്യപ്പൻ രക്ഷിക്കട്ടെയെന്ന് വിനീതമായി പ്രാർത്ഥിച്ച് കൊള്ളുന്നു. നിങ്ങൾ ഞങ്ങളുടെ എതിരാളികളല്ല. സമൂഹത്തെപ്പറ്റി മനസ്സിലാക്കാത്ത പുരോഹിത സ്വപ്ന ജീവികളാണ് നിങ്ങൾ..

ഇന്ന് ഭുവനേശ്വരന്‍ പഠിച്ച പന്തളം കോളേജിലടക്കം എസ്.എഫ്.ഐ വിജയ കൊടി പാറിക്കുകയും കേരളത്തിലെ എല്ലാ കലാലയങ്ങളിലും നക്ഷത്രാങ്കിത ശുഭ്ര പതാക വാനിൽ ഉയർന്ന് പറക്കുന്നതും ആയിരം കണ്ഠങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും മുദ്രാവാക്യങ്ങൾ വാനിൽ ഉയർന്ന് കേൾക്കുന്നതും സഖാവിന്‍റെ രക്തസാക്ഷിത്വം വൃഥാവിലായില്ല എന്ന സത്യമാണ് ഓർമ്മിപ്പിക്കുന്നത്. സഖാവിന്‍റെ സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsg sudhakaranmalayalam newsbrother deathg bhuvaneswaran
News Summary - g sudhakaran brother death- kerala news
Next Story