'ആരാണ് ടീച്ചറമ്മ, നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത'
text_fieldsപത്തനംതിട്ട: മുന്‍ മന്ത്രി കെ.കെ. ശൈലജക്കെതിരെ ഒളിയമ്പെയ്തും എം.ടി. വാസുദേവൻ നായർക്കെതിരായ വിമർശനത്തിൽ മലക്കംമറിഞ്ഞും മുൻ മന്ത്രി ജി. സുധാകരൻ. എം.ടി പഠിപ്പിക്കാൻ വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഒളിഞ്ഞുനിന്ന് താൻ അഭിപ്രായം പറയില്ലെന്നുമാണ് സുധാകരൻ വ്യക്തമാക്കിയത്. തിരുവല്ലയിൽ മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പുസ്തകപ്രകാശനച്ചടങ്ങിലാണ് സുധാകരന്റെ പുതിയ വിമർശനവും നിലപാട് മാറ്റവും.
പുസ്തകം പ്രകാശനംചെയ്ത പ്രതിപക്ഷ നേതാവിന്റെ നിയമസഭ പ്രസംഗങ്ങളെ പ്രശംസിക്കാനും തയാറായ സുധാകരനെ, പുതുശ്ശേരിയുടെ പുസ്തകത്തിൽ പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ.കെ. ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപിപ്പിച്ചത്. ആരാണ് ടീച്ചറമ്മ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ഒരമ്മക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതി.
ഒരു പ്രത്യേക ആൾ മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ല. കഴിവുള്ള ഒരുപാടുപേർ കേരളത്തിൽ മന്ത്രിമാരായിട്ടില്ല. പലരും പലതരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്.
നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. മന്ത്രിയാകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടത്.
കേരളത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വളർന്നുവരുന്നു. കൃഷിമന്ത്രിമാർ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാൽ, വാക്കുകൾ പ്രാവർത്തികമാക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.