ആരോഗ്യമേഖലയിൽ അവഗണന, ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം; വിമർശനവുമായി ജി. സുധാകരൻ
text_fieldsആലപ്പുഴ: ആരോഗ്യ-ടൂറിസം വകുപ്പുകളെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയും തുടരുകയാണ്.
ആറുമാസത്തിനകം പൊളിയണമെന്ന് പറഞ്ഞാണ് എൻജിനീയർമാർ റോഡ് നിർമിക്കുന്നത്. ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് വിൽക്കുന്നതല്ല ആസൂത്രണമെന്നും ആലപ്പുഴ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യരുകളിയാണെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച ‘ആലപ്പുഴ ആരോഗ്യപ്രശ്നങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ സംവിധാനമുള്ള മെഡിക്കൽ കോളജാണ് ആലപ്പുഴയിലേത്. ആവശ്യത്തിന് ഡോക്ടർമാരില്ല. ഉള്ളവരെ സ്ഥലം മാറ്റുകയാണ്. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അടിക്കടി സൂപ്രണ്ട് മാറുന്നതും പ്രശ്നമാണ്. ആരോഗ്യമേഖലയിൽ ഘോരഘോരം പ്രസംഗിച്ചിട്ട് കാര്യമില്ല. എന്തെല്ലാം സൗകര്യമുണ്ടാക്കിയെങ്കിലും അത് ശരിയായി രീതിയിൽ കൈകാര്യം ചെയ്യണം.
ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണുള്ളത്. ജനോപകാരപ്രദമാക്കാൻ കഴിയും വിധം കനാലുകൾ ആധുനീകരിച്ചില്ല. ആലപ്പുഴയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നു. സ്ഥാപിത താൽപര്യങ്ങൾക്ക് ചെറുപ്പക്കാരെ ഉപയോഗിക്കുന്നു. ലഹരിക്കെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. ലഹരിക്കുവേണ്ടി സമ്പത്ത് ഉണ്ടാക്കുന്ന സംസ്‌കാരമാണ് നാട്ടിൽ വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. ഷാജഹാൻ വിഷയം അവതരിപ്പിച്ചു. ഡോ. അമൃത, ബി. ജോസ്കുട്ടി, ഡോ. ഒ. ബഷീർ, ബേബി പാറക്കാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.