ജി.സുധാകരനടക്കം 12 പേർ സി.പി.എം സംസ്ഥാന സമിതിയിൽ നിന്ന് പുറത്തേക്ക്
text_fieldsമുതിർന്ന നേതാവ് ജി.സുധാകരനെ സി.പി.എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ദീർഘകാലം സംസ്ഥാന സമിതിയംഗമായിരുന്ന സുധാകരൻ നിലവിൽ ആലപ്പുഴ ജില്ല കമ്മിറ്റിയുമായി നല്ല ബന്ധത്തിലല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സുധാകരന്റെ നിസഹകരണമുണ്ടായെന്നും തെറ്റായ ഇടപെടലുണ്ടായെന്നും സി.പി.എമ്മിൽ ആക്ഷേപമുണ്ടായിരുന്നു. പാർട്ടി നിയമിച്ച അന്വേഷണ കമീഷൻ സുധാകരനെതിരെ റിപ്പോർട്ട് നൽകുകയും ചെയ്തു. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി. സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
75 വയസുകഴിഞ്ഞു എന്ന സാങ്കേതിക കാരണം ചൂണ്ടികാട്ടി സംസ്ഥാന സമിതിയിൽ നിന്ന് സുധാകരനെ നീക്കിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് തന്നെ സംസ്ഥാന സമിതിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം കത്തു നൽകിയത്.
സുധാകരന് പ്രായ പരിധിയിൽ ഇളവ് നൽകേണ്ടെന്ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തീരുമാനിക്കുകയായിരുന്നു. തെക്കൻ ജില്ലകളിൽ നിന്നുള്ള ഏറ്റവും പ്രബലനായ സി.പി.എം നേതാവാണ് ജി.സുധാകരൻ. മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം സംസ്ഥാന സമിതിയിലുണ്ട്.
സംസ്ഥാന സമിതിയംഗങ്ങളുടെ പ്രായപരിധി മാനദണ്ഡം ഈ സമ്മേളനത്തിൽ സി.പി.എം കർശനമാക്കിയിട്ടുണ്ടെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുള്ളത്. 12 പേരെ സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയിട്ടുണ്ട്. ജി.സുധാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി സഹദേവൻ, എം.എം മണി, കെ ജെ തോമസ്, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരെയാണ് സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയത്.
88 പേരടങ്ങുന്ന സംസ്ഥാന സമിതിയിൽ എ.എ റഹീം, സി.വി വർഗീസ്, വി.പി സാനു, ചിന്ത ജെറോം തുടങ്ങിയ എട്ട് പുതുമുഖങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.