താൻ മത്സരിച്ചപ്പോഴേതിനേക്കാൾ നന്നായി ഇത്തവണ പ്രവർത്തിച്ചു, തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു -പൊട്ടിത്തെറിച്ച് ജി.സുധാകരൻ
text_fieldsആലപ്പുഴ: വോട്ട് പെട്ടിയിലായശേഷം താൻ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് മന്ത്രി ജി. സുധാകരൻ. രാഷ്ട്രീയ ക്രിമിനലുകൾ തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു.
താൻ മത്സരിച്ചപ്പോഴേതിനേക്കാൾ നന്നായി ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. 65 യോഗങ്ങളിലാണ് പ്രസംഗിച്ചത്. അമ്പലപ്പുഴയിൽ നിൽക്കേണ്ടതിനാൽ പാർട്ടി ആവശ്യപ്പെട്ടിട്ടുകൂടി പുറം പരിപാടി ചുരുക്കി. അമ്പലപ്പുഴയിൽ മാത്രം 17 യോഗങ്ങളിൽ പ്രസംഗിച്ചു. 19 മേഖല കമ്മിറ്റികളിൽ പങ്കെടുത്തു. 38 മണിക്കൂറാണ് തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ചെലവിട്ടത്. എസ്.ആർ.പിയുടെ കൂടെ ജില്ല മുഴുവൻ പോയി. അവസാന നിമിഷംവരെ ഇറങ്ങിയില്ലെന്ന വാർത്തകൾ വീട് പണിതീർന്നപ്പോൾ ആശാരിയെ ആട്ടിയിറക്കുന്നത് പോലെയാണ്.
പിണറായി വിജയനെ സ്നേഹിക്കുന്ന ജില്ലയാണ് ആലപ്പുഴ. 30 വർഷമായി അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. തനിക്കെതിരെ പിണറായി വിജയന് പരാതി നൽകിയെന്ന് പ്രചരിപ്പിക്കുകയാണ്. വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ കടിഞ്ഞാൺ ഏറ്റെടുത്തെന്ന് വാർത്തനൽകിയവരുടെ ഉദ്ദേശ്യം വേറെയാണ്. പിണറായി എന്താ ജില്ല സെക്രട്ടറിയാണോ. പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ പ്രയോഗിക്കേണ്ടെന്നും അത് വിലേപ്പാകില്ലെന്നും സുധാകരൻ പറഞ്ഞു.
ഞാൻ തിരിച്ചടിച്ചാൽ വലിയ അടിയായിരിക്കും. എനിക്ക് ജനപിന്തുണയുണ്ട്. പാർട്ടിയുണ്ടാക്കിതന്നതാണത്. ജനങ്ങൾ എന്നെ ഇഷ്ടപ്പെടുന്നത് തെറ്റാണോ. കേരളത്തിലെ ഓരോ കുടുംബത്തിലും എനിക്ക് വോട്ടുണ്ട്. ഞാൻ കൊണ്ടുവന്ന വികസനത്തിെൻറ പേരിലാണ് ആലപ്പുഴയിൽ വോട്ട് പിടിച്ചത്. എെൻറ പിൻഗാമിയെന്ന് പറഞ്ഞല്ലേ അമ്പലപ്പുഴയിൽ സലാം വോട്ടുചോദിച്ചത്. എേൻറത് രക്തസാക്ഷി കുടുംബമാണ്. നിലവിൽ ജില്ലകമ്മിറ്റിയിലും സംസ്ഥാനകമ്മിറ്റിയിലുമുള്ളവരിൽ ഏക രക്തസാക്ഷി കുടുംബം. എെൻറ നേരെ തന്നെ വേണം കളി.
താഴെ തട്ടിൽനിന്ന് പ്രവർത്തിച്ച് വന്നവനാണ് ഞാൻ. ഇത്രയും സംഘടനാപരമായ കെട്ടുറപ്പിൽ കയറിവന്ന എത്രപേരുണ്ട്. തോറ്റാലും ജയിച്ചാലും ഞാൻ പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ വിശ്രമിച്ചിട്ടില്ല. ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. പാർട്ടി നൽകിയ അംഗീകാരങ്ങളിൽ സന്തോഷവും സംതൃപ്തിയുമുണ്ട്. കഴിഞ്ഞ തവണത്തെ അരൂരിലെ തോൽവിക്ക് പിന്നിൽ മറ്റ് ശക്തികളാണ്. നിഷ്പക്ഷമായിരുന്ന ബി.ഡി.ജെ.എസ് വോട്ടുകൾ അവസാനനിമിഷം യു.ഡി.എഫിന് അനുകൂലമാകുകയായിരുന്നു.
ചിലർ രാഷ്ട്രീയത്തിൽ വേണ്ടെന്ന് രാഷ്ട്രീയ ക്രിമിനൽ മാഫിയ സദസ്സിലിരുന്ന് തീരുമാനിക്കുകയാണ്. ഇതിൽ എല്ലാ പാർട്ടികളിലും പെട്ടവരുണ്ട്. അവരെല്ലാം ഒന്നാണ്. അവർക്ക് രാത്രിയിൽ പാർട്ടിയില്ല. കക്ഷി വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെടുന്നു. കുറ്റവാളികളെ രക്ഷിക്കാനും സൽപ്രവർത്തകരെ അപമാനിക്കാനുമാണ് ശ്രമം. സഖാവ് കൃഷ്ണപിള്ളയുടെ പ്രതിമക്ക് നേരെ പരാക്രമം കാട്ടിയ സാമൂഹ്യവിരുദ്ധൻമാരുള്ളിടമാണ് ആലപ്പുഴ. ആർക്കുംകൊട്ടാവുന്ന ചെണ്ടയല്ല താനെന്നും ഏത് ജോലി ഏൽപ്പിച്ചാലും ഭംഗിയായിചെയ്യുമെന്ന് പിണറായിക്കറിയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.