കമ്യൂണിസ്റ്റ് നായകരുടേത് ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ തുറന്നുപറയുന്ന പാരമ്പര്യം -ജി. സുധാകരൻ
text_fieldsഅമ്പലപ്പുഴ: പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ മൂടിവെക്കേണ്ടതില്ലെന്നും അത് തുറന്ന് പറയുന്ന പാരമ്പര്യമാണ് കമ്യൂണിസ്റ്റ് നായകരുടേതെന്നും മുൻ മന്ത്രി ജി. സുധാകരൻ. വി.എസ്. അച്യുതാനന്ദന്‍റെ 101ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ജനനായകൻ വി.എസ് നവമാധ്യമ കൂട്ടായ്മയും ആരാധകരും ചേര്‍ന്ന് വി.എസിന്‍റെ വേലിക്കകത്ത് വീടിനുസമീപം അസംബ്ലി ജങ്ഷനിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ അഭിപ്രായമാണ് അന്തിമമെന്ന് മനസ്സിലാക്കണം. പുതിയ തലമുറയെ ചേർത്ത് പിടിക്കേണ്ട സമയമാണ്. വി.എസ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പുതുതലമുറയെ ആകർഷിക്കുന്ന പ്രവർത്തനം നടത്തിയിരുന്നു. വി.എസിന് പകരക്കാരനായി വി.എസ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയതക്കെതിരെ വി.എസ് എടുത്ത നിലപാട് 1987ൽ ജാതിമത വർഗീയ ശക്തികളുടെ പിന്തുണ ഇല്ലാതെ പാർട്ടിയെ അധികാരത്തിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്‍റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് വിദ്യാർഥിയായ റസ്വാന് നൽകി സുധാകരൻ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനനായകൻ വി.എസ് നവമാധ്യമ കൂട്ടായ്മ ഭാരവാഹികളായ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സത്യകീർത്തി, ഉമേഷ്, സോബി സ്റ്റാലിൻ, ഷാജി മണക്കാട്, സുധീർ ബാബു, വിനോദ്, ശരത്, ജഗൻബോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.