Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി ജി. സുധാകരൻ; വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണം

text_fields
bookmark_border
G Sudhakaran
cancel

കോഴിക്കോട്: സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. വികസന കാര്യത്തിൽ പ്രചാരണം നടത്തുന്നവർ അടിസ്ഥാന വികസനം മനസിലാക്കണമെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണം. പ്രചാരണങ്ങളിൽ കഴിഞ്ഞ സർക്കാറിനെ കുറിച്ച് ചെറുസൂചന പോലുമില്ല. ഓരോ സർക്കാറും ചെയ്യുന്നതിനെ കാണാതിരിക്കുന്നത് ശരിയായ രീതിയല്ല. ഇപ്പോഴത്തേത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി.

ഈ മാസം 24ന് ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുകയാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകളിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എ.എം ആരിഫ് എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ എന്നിവരുടെ ചിത്രങ്ങൾ മാത്രമാണുള്ളത്. എന്നാൽ, മുൻ മന്ത്രി ജി. സുധാകരന്‍റെ ചിത്രമോ പേരോ നൽകിയിട്ടില്ല. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്.

ജി. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിൽ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്. ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്.

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി - കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്. ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെൻറ് ആലപ്പുഴയിൽ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെൻറ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranPublic Works DepartmentPA Mohammed Riyas
News Summary - G. Sudhakaran strongly criticized the Public Works Department
Next Story