'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി...'- പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരൻ
text_fieldsതെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണത്തിനോടുള്ള രോഷം കവിതയിലൂടെ പ്രകടിപ്പിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്ന് പരിതപിക്കുന്ന കവിത, കഴിവതൊക്കെയും ചെയ്‌തെന്നും ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
'നേട്ടവും കോട്ടവും' എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി/ഞാനെന്‍റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്‌നേഹിതര്‍/സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ്/അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!' എന്ന് എഴുതിയ ജി. സുധാകരൻ, തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തിയാണ് പരോഷമായി സൂചിപ്പിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എമ്മിന്‍റെ പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സുധാകരനെതിരായാണ് മൊഴി നൽകിയത്. അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർഥി എച്ച്. സലാമിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിച്ചു എന്ന രീതിയിലുള്ള പരാമർശങ്ങളും ഉയർന്നിരുന്നു. വിഷയത്തിൽ മറ്റൊരു രീതിയിലുള്ള പരസ്യപ്രതികരണത്തിനും തയാറാകാതിരുന്ന സുധാകരനാണ് ഇപ്പോൾ കവിതയിലൂടെ പരോക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്.
കവിതയുടെ അവസാന വരികളായ 'അതിലൊരാങ്ക വേണ്ടെന്നു സ്‌നേഹിതർ കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതർ! ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ അക്ഷീണ മനസുമായി നവപഥവീഥിയിൽ' എന്നത് ലക്ഷ്യം വെക്കുന്നത് പാർട്ടിയിലെ പുതിയ തലമുറയായ ആരിഫ് എം.പിയെ ഉൾപ്പടെയാണെന്നാണ് സൂചന. അതേസമയം, കവിത പുതിയ തലമുറയെ ക്ഷണിക്കുന്നതാണെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നുമാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.