ഡിസംബർ വരെ സംസ്ഥാനത്ത് നിർമാണങ്ങളുടെ പൂക്കാലം -ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: ഈ വർഷം ഡിസംബർ വരെ സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിെൻറ കീഴിൽ നിർമാണ പ്രവർത്തനങ്ങളുടെ പൂക്കാലമായിരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. 1,10,596 കോടി ചെലവിട്ട് 2642 നിർമാണ പ്രവർത്തനങ്ങളാകും നടത്തുക. അതിൽ ദേശീയപാത നാലുവരിയാക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിച്ച 40,000 കോടിയുമുണ്ട്. കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 1200 കോടി ചെലവിട്ട് റോഡ് ഫണ്ട് ബോർഡിെൻറ നേതൃത്വത്തിൽ റോഡുകൾ നവീകരിക്കും. 846 കോടി അറ്റകുറ്റപ്പണിക്കു വേണ്ടിമാത്രമാണ്. 1406 നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയെന്നും ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.
10 കോടിയുടെ ജർമൻ മെഷീൻ ഉപയോഗിച്ചാണ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത്തരം മെഷീൻ രാജ്യത്തുതന്നെ മൂന്നെണ്ണമേയുള്ളൂ. സംസ്ഥാനത്തെ 2300ഓളം പാലങ്ങളിൽ അതീവ അപകടാവസ്ഥയിലുള്ള 365 എണ്ണം അടിയന്തരമായി മാറ്റി നിർമിക്കണം. കഴിഞ്ഞ നൂറുവർഷമായി സംസ്ഥാനത്തെ പാലങ്ങൾ പരിശോധിച്ചിട്ടില്ല. നൂറുവർഷമായിട്ടും ഒരു കുഴപ്പവുമില്ലാത്ത 10 പാലങ്ങൾ മാത്രമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ ആറെണ്ണം തിരുവനന്തപുരത്താണ്. സംസ്ഥാന സർക്കാർ നിർമിക്കുന്ന പാതകൾക്ക് ഇനിമുതൽ ടോൾ ഏർപ്പെടുത്തില്ല. എട്ട് ടോൾ സെൻററുകളാണ് സർക്കാർ നിർത്തലാക്കിയത്.
പൊതുമരാമത്തു വകുപ്പിലെ സോഷ്യൽ ഓഡിറ്റിങ് മണ്ഡലം, ജില്ല തലത്തിൽ കൂടി നിർബന്ധമാക്കും. റോഡിലെ കുഴികൾ മണ്ണു മാത്രമിട്ടു മൂടിയ ഉദ്യോഗസ്ഥരെയെല്ലാം സസ്പെൻഡ് ചെയ്തിട്ടുണ്ട്. റോഡ് കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.