ഭരിക്കുന്നത് എൻ.എസ്.എസിെൻറ ആവശ്യങ്ങൾ അംഗീകരിക്കുന്ന സർക്കാർ –ജി. സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: എന്‍.എസ്.എസിെൻറ ന്യായമായ ആവശ്യങ്ങള്‍ എൽ.ഡി.എഫ് സർക്കാർ അംഗീകരിക്കുന്നുണ്ടെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസ് ബജറ്റ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം മാറുേമ്പാൾ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാൻ സാധ്യതയുള്ളപ്പോഴും ഇടതു സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസിെൻറ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുകയും സഹായകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്‍.എസ്.എസിെൻറ ഇപ്പോഴത്തെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളിലുള്ള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്. മുൻ സര്‍ക്കാറിെൻറ കാലത്ത് എന്‍. എസ്.എസിെൻറ ആവശ്യത്തെ തുടർന്നാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡും മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷനും കമീഷനും പറക്കുളം എൻ.എസ്.എസ് കോളജും അനുവദിച്ചത്. മുന്നാക്ക വിഭാഗങ്ങള്‍ക്കുമാത്രം നീതി നിഷേധിക്കുന്നതും ആവശ്യങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയ ശൈലിയായി വളര്‍ന്നുവരുന്നത് മതേതര ഇന്ത്യയുടെ കെട്ടുറപ്പിന് ഭീഷണിയാകുന്ന സാഹചര്യമാണ്. മുന്നാക്ക സമുദായങ്ങളൊഴിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും ദേശീയ തലത്തില്‍ കമീഷനുണ്ടെങ്കിലും മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി മുന്നാക്ക വിഭാഗം സ്ഥിരം കമീഷൻ രൂപവത്കരിക്കാത്തത് കടുത്ത അവഗണനയാണന്നും സുകുമാരൻ നായർ പറഞ്ഞു.
ജി. സുകുമാരന്‍ നായര്‍ മൂന്നാം തവണയും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി
നായര്‍ സര്‍വിസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും ജി. സുകുമാരന്‍ നായരെയും ട്രഷററായി ഡോ. എം. ശശികുമാറിനെയും െതരഞ്ഞെടുത്തു. തിങ്കളാഴ്ച ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ എൻ.എസ്.എസ് പ്രതിനിധിസഭയാണ് ഇരുവരെയും ഐകകണ്േഠ്യന തെരഞ്ഞെടുത്തത്. പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായരാണ് ജി. സുകുമാരന്‍ നായരുടെ പേര് നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറി പദത്തില്‍ ഇത് ഏഴാം വര്‍ഷമാണ്. 1991ല്‍ വാഴപ്പള്ളി 282ാം നമ്പർ കരയോഗം പ്രസിഡൻറായ അദ്ദേഹം ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡൻറ്, എൻ.എസ്.എസ് പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2002 മുതല്‍ എട്ടുവര്‍ഷത്തോളം അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2010 ല്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
എൻ.എസ്.എസ് നായകസഭയില്‍ ഒഴിവുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ ജി. സുകുമാരന്‍ നായർ ഉള്‍പ്പെടെ ഒമ്പതംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആര്. ബാലകൃഷ്ണപിള്ള (പത്തനാപുരം), എന്‍.വി. അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), കലഞ്ഞൂര്‍ മധു (അടൂര്‍), ചിതറ എസ്. രാധാകൃഷ്ണന് നായര്‍ (ചടയമംഗലം), കെ.കെ. പദ്മനാഭപിള്ള (അമ്പലപ്പുഴ), ഡോ. സി.ആര്. വിനോദ്കുമാര്‍ (വൈക്കം), വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. തങ്കപ്പന്‍പിള്ള (കൊട്ടാരക്കര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൻ.എസ്.എസിന് 102.75 കോടിയുടെ ബജറ്റ്
നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 102.75 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന 2017--2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള103-ാം ബജറ്റ് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ ബജറ്റ് 98.15 േകാടിയായിരുന്നു. വിവിധ വകുപ്പുകളുടെ ഭരണത്തിലേക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തെപ്പോലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലക്കാണ് ഇത്തവണയും മുൻതൂക്കം. ഗുരുവായൂരിൽ െഗസ്റ്റ്ഹൗസ് നിർമാണത്തിന് രണ്ടുകോടിയും പാലക്കാട് എൻജിനീയറിങ് കോളജിെൻറ വികസനത്തിന് 2.15 കോടിയും ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലെ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് ഒരുകോടി വീതവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പ്രതിനിധികള്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്. പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള, അഡ്വ. പി.കെ. പ്രസാദ്, എം. മോഹനന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മറുപടിയും നന്ദിയും പറഞ്ഞു.
എയ്ഡഡ് സ്കൂള്‍: സര്‍ക്കാറിെൻറ നിരുത്തരവാദ സമീപനത്തിനെതിരെ എൻ.എസ്.എസ് പ്രമേയം
എയ്ഡഡ് സ്കൂള്‍ മാനേജ്മെൻറുകളോടുള്ള സര്‍ക്കാറിെൻറ നിരുത്തരവാദ സമീപനം അവസാനിപ്പിച്ച് സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനു വഴിയൊരുക്കണമെന്ന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ചേര്‍ന്ന ബജറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2016 -17 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് ഓര്‍ഡര്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഏതുതരം നിയമനമാണെങ്കിലും അത് പ്രൊട്ടക്ടഡ് അധ്യാപകരുമായി ബന്ധിപ്പിച്ച് സങ്കീർണമാക്കി നിയമനംതന്നെ അംഗീകരിക്കപ്പെടാതിരിക്കുന്ന സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. നാല് സ്കൂളുകള്‍ക്ക് ഒരു പ്രൊട്ടക്ടഡ് ജീവനക്കാരന് എന്ന കണക്കില്‍ വിന്യസിച്ചാല്‍ വളരെ പെട്ടെന്ന്് പരിഹരിക്കാവുന്ന പ്രശ്നമാണ് ഇതെന്നു പ്രമേയം പറയുന്നു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് വേണ്ടിയുള്ള എസ്.ആര്. സിന്‍ഹു അധ്യക്ഷനായ ദേശീയ കമീഷൻ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എസ്. മോഹന്‍, ഹരികുമാര്‍ കോയിക്കല്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.