ജി 20 ഉച്ചകോടി: സുരക്ഷക്ക് 1600 പൊലീസുകാർ
text_fieldsകുമരകം: ജി 20 ഉച്ചകോടിയുടെ സുരക്ഷക്കായി 1600 അംഗ പൊലീസ് സംഘം. വ്യാഴാഴ്ച മുതൽ ഏപ്രിലിൽ 10 വരെ കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്പിലായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനം നടക്കുന്നത്. 20 രാജ്യങ്ങളിൽനിന്നുള്ള 200ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ആറ് എസ്.പിമാരുടെ നേതൃത്വത്തിൽ 20ഓളം ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന 1600 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുമരകത്തും പരിസരത്തും അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്.
മാർച്ച് 29 മുതൽ ഏപ്രിൽ 10വരെയാണ് നിരോധനം. റിമോട്ട് കൺട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. കൂടാതെ കായലിൽ ബോട്ടുകളിലായി 24 മണിക്കൂറും പ്രത്യേക പൊലീസ് സംഘത്തെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുമരകത്തിനോട് ചേർന്നുകിടക്കുന്ന ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നിവയുടെ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം പൊലീസിനെ വിന്യസിക്കും.
അയല്‍ ജില്ലകളായ ഇടുക്കി, പത്തനംതിട്ട എന്നീ അതിർത്തികൾ കേന്ദ്രീകരിച്ചും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ല ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ ദിവസവും പ്രത്യേക പരിശോധന നടത്തി വരുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ മോക്ഡ്രില്ലുകള് സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ ടീം ഉൾപ്പെടുന്ന ആംബുലൻസും ഒരുക്കിയിട്ടുണ്ട്.
എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം പരിശോധിക്കുകയും അഗ്നിരക്ഷാസേനയുടെ ബോട്ടിന്റെ കാര്യക്ഷമതയും ആംബുലൻസുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും ചെയ്തു. കുമരകത്ത് അനധികൃത പാർക്കിങ് നിരോധിച്ചു. പ്രത്യേകം പാർക്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്ഥലവും റിസോർട്ടുകളും കേന്ദ്രീകരിച്ച് സി.സി ടി.വി കാമറ നിരീക്ഷണവും ഏർപ്പെടുത്തിയതായി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.