മുഖ്യമന്ത്രിയെ ഡൽഹിക്ക് ക്ഷണിച്ച് ഗഡ്കരി; സ്വാഗതം ചെയ്ത് പിണറായി
text_fieldsആലപ്പുഴ: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രിയുടെ ക്ഷണം. ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രിയുടെ ക്ഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി, അടുത്ത വട്ടം ദില്ലിയിൽ എത്തിയാൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്താമെന്ന് ഉറപ്പ് നൽകി.
കേരളം രാജ്യത്തിന് നിർണായകമായ സംസ്ഥാനമാണെന്നും ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്നും ഗഡ്കരി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിലെ ദേശീയപാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താം. കൂട്ടായ ചർച്ചകളിലൂടെ ഏതു പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളൂ. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിൽ പുരോഗതി വേണമെന്ന് ആത്മാത്ഥമായി ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ദേശീയപാതയിലെ മണ്ണിടിച്ചിൽ തടയാൻ കയർ ഭൂവസ്ത്രം വിരിക്കുന്നതടക്കമുള്ള പദ്ധതികൾ കേന്ദ്ര ഉപരിതല മന്ത്രാലയം പരിഗണിക്കുന്നുണ്ട്. കേരളത്തിലേയും തമിഴ്നാട്ടിലേയും കയർ വിപണിക്ക് ഇത് ഊർജ്ജം നൽകും. റോഡ് നിർമ്മാണത്തിൽ റബ്ബറും കയറും കൂടുതലായി ഉപയോഗിക്കാൻ സാധിച്ചാൽ കേരളത്തിലെ കാർഷിക വിപണിക്ക് ഗുണം ചെയ്യും. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആത്മനിർഭർ ഭാരത് പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കാമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം നൽകി.
കയറും കയർ അനുബന്ധ ഉത്പന്നങ്ങളും റബ്ബറും നിലവിൽ കേരളത്തിൽ റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രിയുടെ നിർദേശപ്രകാരം വിപുലമായ രീതിയിൽ പ്രാദേശിക അസംസ്കൃത വസ്തുകൾ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്രസർക്കാർ മിക്കകാര്യങ്ങളിലും സംസ്ഥാന സർക്കാറിനോട് ഉടക്കുേമ്പാഴും ബി.ജെ.പി മുൻ ദേശീയ അധ്യക്ഷൻ കൂടിയായ നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായിയുമായും സംസ്ഥാന സർക്കാറുമായും ഊഷ്മള ബന്ധമാണ് പുലർത്തുന്നത്. കീഴാറ്റൂർ ബൈപാസ് വിഷയത്തിലടക്കം ബിജെ.പി സംസ്ഥാന കമ്മറ്റിയുടെ നിലപാടിനെ തള്ളി പിണറായി വിജയന്‍റെ നിലപാടിനൊപ്പമാണ് ഗഡ്കരി നിലയുറപ്പിച്ചത്. ഇത് കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ കടുത്ത അസംതൃപ്തിക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.