‘ജിന്നുമ്മക്കെതിരെ അന്നേ പരാതി നൽകി, അവർക്ക് ഫ്രോഡ് ബന്ധമുണ്ട്, പൊലീസ് നിസ്സാരമാക്കി’ -കൊല്ലപ്പെട്ട ഗഫൂർ ഹാജിയുടെ ബന്ധുക്കൾ
text_fieldsകാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജി കൊല്ലപ്പെട്ട കേസിൽ ഇന്നലെ അറസ്റ്റിലായ ജിന്നുമ്മക്കും സംഘത്തിനുമെതിരെ ഒന്നരവർഷം മുമ്പുതന്നെ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ. അവർക്ക് മുൻപേ ഫ്രോഡ് സ്റ്റോറിയുണ്ടെന്ന് അറിഞ്ഞിരുന്നതായും മുൻപ് മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞവരാണ് പ്രതികളെന്നും ഗഫുർ ഹാജിയുടെ സഹോദരങ്ങളായ മുഹമ്മദ് ശരീഫ്, ഉസ്മാൻ എന്നിവർ പറഞ്ഞു. എന്നാൽ, ബേക്കൽ പൊലീസ് തങ്ങളുടെ പരാതി നിസ്സാരമാക്കി അവഗണിച്ചതായും പൊലീസ് നീക്കത്തിന് പിന്നിൽ മറ്റെന്തിങ്കിലും ഇടപെടൽ ഉണ്ടോ എന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.
‘16മാസം ബേക്കൽ പൊലീസ് കേസ് കൈകാര്യം ചെയ്തിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. നല്ല രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ അന്നേ പിടിയിലാകുമായിരുന്നു. അന്ന് ഞങ്ങൾ പറഞ്ഞ പ്രതികളെ തന്നെയാണ് ഇപ്പോൾ പിടികൂടിയത്. ആദ്യം കൊടുത്ത പരാതിയിൽ തന്നെ ഇവരുടെ പേര് പറഞ്ഞിരുന്നു. അതിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴത്തെ അന്വേഷണം നല്ല തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്’ -ഇരുവരും പറഞ്ഞു.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. അന്നുതന്നെ മൃതദേഹം ഖബറടക്കി. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്‌പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഏപ്രിൽ 28ന് ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.
ഗഫൂർ ഹാജിയുടെ വീടുമായി ബന്ധമുള്ള സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയമുണ്ടെന്ന കാര്യവും മകന്റെ പരാതിയിലുണ്ടായിരുന്നു. എന്നാൽ, അന്വേഷണം ഗൗരവത്തിൽ മുന്നോട്ടുനീങ്ങിയില്ല. തുടർന്ന് കർമസമിതി രൂപവത്കരിക്കുകയും 10,000 പേരുടെ ഒപ്പുവാങ്ങി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയുംചെയ്തു. ഇതിനിടെ അന്വേഷണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോൺസന് കൈമാറി. തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്. ഇരട്ടിപ്പിച്ചുനൽകാമെന്നുപറഞ്ഞ് വാങ്ങിയ 596 പവന്‍ തിരിച്ചുചോദിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
സംഭവത്തിൽ ഉദുമ മീത്തൽ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ‘ജിന്നുമ്മ’ എന്ന കെ.എച്ച്. ഷമീന (38), ഇവരുടെ ഭർത്താവ് മധൂർ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), പൂച്ചക്കാട് മുക്കൂട് കീക്കാൻ സ്വദേശിനി അസ്‌നിഫ (34), മധൂർ കൊല്യ ഹൗസിൽ ആയിഷ (40) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാം പ്രതി ഷമീന, മൂന്നാം പ്രതി അസ്‌നിഫ എന്നിവർക്കെതിരെ കൊലപാതകത്തിനും നാലാം പ്രതി ആയിഷക്കെതിരെ തെളിവുനശിപ്പിച്ചതിനുമാണ് കേസ്. ഉബൈസ്, അബ്‌ദുൽ ഗഫൂറിനെ ഭിത്തിയിലേക്ക് തള്ളി. തല ശക്തിയായി ഭിത്തിയിൽ ഇടിച്ചപ്പോൾത്തന്നെ അബ്‌ദുൽ ഗഫൂർ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.