ഗഫൂർ ഹാജി കൊലപാതകം: കുടുംബം ഉറച്ചുനിന്നു, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചുരുളഴിഞ്ഞു
text_fieldsകാഞ്ഞങ്ങാട്: പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് പേരിന് നടത്തിയെങ്കിലും ഹാജിയുടെ കുടുംബത്തിന്റെ ഉറച്ച സംശയം ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നതിലേക്കെത്തിച്ചു. ലോക്കൽ പൊലീസ് ഒരു വർഷമാണ് അന്വേഷിച്ചത്. എങ്ങുമെത്താതെ പോകുമായിരുന്ന കേസ് നിരന്തരം സമ്മർദം ചെലുത്തി പിന്തുടർന്നതോടെയാണ് ക്രൈംബ്രാഞ്ചിലേക്കെത്തിയത്.
ഗഫൂർ ഹാജിയുടെ മരണത്തിനു പിന്നിൽ ജിന്നുമ്മയെന്ന മന്ത്രവാദിനിയായ യുവതി ഉൾപ്പെടെയുള്ളവരാണെന്ന് ആദ്യം മുതൽ തന്നെ കുടുംബം ആരോപിച്ചതാണ്. ക്രൈംബ്രാഞ്ച് ഈ സംശയത്തിൽ കയറിപ്പിടിച്ച് മുന്നോട്ടുനീങ്ങിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
അറസ്റ്റിലായ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീന, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അഷ്നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരിലേക്ക് പൊലീസ് അന്വേഷണം നീണ്ടിരുന്നു.
ആദ്യഘട്ടത്തിൽ കൊലപാതകത്തിലേക്ക് നീണ്ടില്ല. അത്രക്കും കരുതലോടെയാണ് പ്രതികൾ പെരുമാറിയത്. കൊലയിലേക്ക് നീളുന്ന സൂചനയൊന്നും പ്രതികളിൽനിന്ന് ലഭിച്ചിരുന്നില്ല.
വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടത്.
തുടർന്ന് ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഉദുമ കൂളിക്കുന്നിലെ യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് ഖബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും കേസ് വഴിത്തിരിവാകുന്നതിലേക്ക് എത്തിയില്ല. ബേക്കൽ ഡിവൈ.എസ്.പിയും സംഘവുമാണ് കേസന്വേഷിച്ചത്. അപ്പോഴും അന്വേഷണം ലോക്കൽ പൊലീസിൽ തന്നെയാണ്.
സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്ന സംശയത്തിൽ ജിന്ന് സ്ത്രീയുടെ കൂളിക്കുന്നിലെ വീട്ടുപരിസരത്തും ഗഫൂർ ഹാജിയുടെ പറമ്പിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇതോടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച നാട്ടുകാർ പ്രക്ഷോഭമാരംഭിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി സ്ത്രീകളടക്കം അറസ്റ്റ് വരിച്ചു. പിന്നാലെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചതെന്നതിനാൽ ഒരു തുമ്പും പൊലീസിന് ലഭിക്കാത്തിടത്തുനിന്നാണ് ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.