കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗഗന് പരിശോധന
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഏതു കാലാവസ്ഥയിലും വിമാനമിറങ്ങുന്നതിനുള്ള പരിശോധന നടന്നു. ഗഗന് സംവിധാനത്തിലൂടെ വിമാനമിറക്കാനുള്ള പരീക്ഷണപ്പറക്കലാണ് നടത്തിയത്. രാജ്യത്ത് ആദ്യമായി ഈ സംവിധാനം നടപ്പാക്കുന്നത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലാണ്.
ജി.പി.എസ് സഹായത്തോടെ ഏതു കാലാവസ്ഥയിലും വിമാനമിറക്കുന്നതിനുള്ള സംവിധാനമാണ് ഗഗന്. ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക.
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ ലഭ്യമാക്കുകയാണ് ഗഗന് എന്ന ജി.പി.എസ് എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ വഴി ചെയ്യുന്നത്. ഐ.എസ്.ആര്.ഒയും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് 774 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച്ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തില്‍ രണ്ടു ദിവസത്തെ കാലിബ്രേഷന്‍ പരിശോധന നടത്തിയത്.
അപ്രോച്ച് പ്രൊസീജിയര്‍ കാലിബ്രേഷന്‍ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. പരിശോധനയുടെ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറും.
പൈലറ്റ് അനൂപ് കച്ച്റു, സഹ പൈലറ്റ് ശക്തി സിങ് എന്നിവരാണ് കാലിബ്രേഷന്‍ വിമാനം പറത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസര്‍ സിങ്, എല്‍.ഡി. മൊഹന്തി, നവീന്‍ ദൂദി, ഡി.ജി.സി.എ ഉദ്യോഗസ്ഥരായ രവീന്ദര്‍ സിങ് ജംവാള്‍, വാസു ഗുപ്ത, എ.എം.ഇ തരുണ്‍ അഹ്ലാവത്ത്, ടെക്നീഷ്യന് സച്ചിന് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാല്‍ സി.ഒ.ഒ എം. സുഭാഷ്, ഓപറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.