ഗെയിൽ: ഉദ്യോഗമണ്ഡലിലെ വർക്ക് യാർഡിന് സംരക്ഷണം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗെയിലിെൻറ കൊച്ചി-മംഗലാപുരം പൈപ്പ്ലൈന് പദ്ധതിയുടെ ഭാഗമായി ഉദ്യോഗമണ്ഡലിലെ വര്‍ക്ക് യാര്‍ഡില്‍ നടക്കുന്ന ജോലികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. നോക്കുകൂലി ആവശ്യപ്പെട്ട് വിവിധ തൊഴിലാളി യൂനിയനുകൾ സംഘർഷം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗെയിൽ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
പദ്ധതിയുടെ ഭാഗമായി പെരിയാറിന് അടിയിലൂടെ പൈപ്പിടേണ്ടതിനാൽ ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് റിങ്സ്, ബേക്ക് ഹോസ്, എക്സ്കവേറ്റർ, സൈഡ് ബൂംസ്, ഡീവാട്ടറിങ് പമ്പ്, വാട്ടര്‍ ഫില്ലിങ് പമ്പ്, ഹൈഡ്ര തുടങ്ങിയ യന്ത്രങ്ങളും ഉപകരണങ്ങളും ആവശ്യമുണ്ടെന്ന് ഹരജിയിൽ പറയുന്നു. 12 മീറ്റര്‍ നീളം വരുന്ന ഒരു പൈപ്പിന് 3.3 ടണ്‍ തൂക്കമുണ്ട്. യന്ത്രങ്ങള്‍ക്ക് 50 കോടിയോളം രൂപ വിലയുണ്ട്. ഇതെല്ലാം ഉദ്യോഗമണ്ഡലിലെ വര്‍ക്ക് യാര്‍ഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ നീക്കാൻ ക്രെയിന്‍ പോലുള്ളവ അനിവാര്യമായതിനാൽ ഇത്തരം യന്ത്രങ്ങളാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ, തൊഴിലാളി സംഘടനകൾ അന്യായമായ കൂലി ആവശ്യപ്പെട്ട് ജോലികൾ തടസ്സപ്പെടുത്തുകയാണ്. ഹെഡ് ലോഡ് വര്‍ക്കേഴ്സ് സംഘിെൻറ(ബി.എം.എസ്) ആഭിമുഖ്യത്തിൽ ഭീഷണിയും ജോലികൾ തടസ്സപ്പെടുത്തുന്ന നടപടിയുമുണ്ട്. ക്രെയിന്‍ വഴി പൈപ്പും മറ്റും കയറ്റുന്നതും ഇറക്കുന്നതും നോക്കിനില്‍ക്കുന്നതിന് ബി.എം.എസുകാര്‍ പ്രതിദിനം 3000 -5000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെടുന്നത്.
നോക്കൂകൂലി സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ, പരാതി നല്‍കിയിട്ടും പൊലീസും ലേബര്‍ ഓഫിസറും നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍, പ്രവൃത്തികള്‍ മുടങ്ങിയിരിക്കുകയാണ്. 3300 കോടി രൂപയുടെ പദ്ധതിയാണ് ഗെയില്‍ നടപ്പാക്കുന്നത്. കൂറ്റനാട് വരെയുള്ള പദ്ധതി കമീഷന് ചെയ്യേണ്ട അവസാന തീയതി 2018 ജൂണ്‍ 30 ആണ്. പ്രവൃത്തികള്‍ തടസ്സപ്പെടുത്തുന്നത് പൊതുപണം നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഹരജിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവി, ആലുവ റൂറല്‍ എസ്.പി, ഏലൂര്‍ എസ്.ഐ, ജില്ല ലേബര്‍ ഓഫിസർ എന്നിവർക്കും ഹെഡ് ലോഡ് വര്‍ക്കേഴ്സ് സംഘ് (ബി.എം.എസ്), ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.െഎ.ടി.യു), ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എൻ.ടി.യു.സി), ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂനിയന്‍ (എ.െഎ.ടി.യു.സി) എന്നിവക്കും കോടതി നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.