ഗെയിൽ പദ്ധതി; മലപ്പുറത്ത് ഭൂവുടമകളുടെ യോഗത്തിൽ ബഹളം
text_fieldsമലപ്പുറം: ഗെയിൽ വാതക പൈപ്ലൈൻ പദ്ധതിക്കെതിരെ കോഡൂരിൽ ജനകീയ സമരസമിതി തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ മലപ്പുറത്തും എതിർപ്പ് കനക്കുന്നു. മലപ്പുറം വാറങ്കോട്ട് പൈപ് പോകുന്ന ഭാഗം അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ വ്യാഴാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തിരിച്ചയച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൺ വിളിച്ച യോഗമാണ് ബഹളത്തിൽ കലാശിച്ചത്.
കനത്ത പൊലീസ് സാന്നിധ്യത്തിൽ മലപ്പുറം മേൽമുറി എം.എം.ഇ.ടി സ്കൂൾ ഹാളിലാണ് ചർച്ച നടന്നത്. പദ്ധതിയുടെ നോഡൽ ഒാഫിസർ കൂടിയായ സബ് കലക്ടർ ജഅ്ഫർ മാലികിെൻറ നേതൃത്വത്തിൽ ഗെയിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. സ്ഥലം നഷ്ടമാകുന്ന ഭൂവുടമകളുടെ സംശയങ്ങൾക്ക് ഗെയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ചീഫ് മാനേജർ പ്രസാദ് മറുപടി നൽകി.
പരമാവധി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയാണ് പൈപ് ഇടുന്നതെന്നും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടർന്ന് ഇരകളെ പ്രതിനിധീകരിച്ച് ഗെയിൽ വിക്റ്റിംസ് ഫോറം ലീഗൽ സെൽ കൺവീനർ അഡ്വ. പ്രദീപ്കുമാർ സംസാരിക്കാൻ വേദിയിൽ കയറിയപ്പോൾ പദ്ധതിമൂലം സ്ഥലം നഷ്ടപ്പെടുന്ന ആരെങ്കിലും സംസാരിച്ചാൽ മതിയെന്ന് പറഞ്ഞ് സബ് കലക്ടർ തടഞ്ഞതോടെയാണ് സദസ്സിലുണ്ടായിരുന്നവർ ബഹളം വെച്ചത്. വാഗ്വാദം നീണ്ടപ്പോൾ ചെയർപേഴ്സൺ സി.എച്ച്. ജമീല ഇടപെട്ട് ശാന്തരാക്കുകയും പ്രദീപിന് സംസാരിക്കാൻ അനുവാദം നൽകുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നോട്ടിഫിക്കേഷൻ നൽകുന്നതടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ജനവാസമേഖലയിലൂടെ പൈപ്ലൈൻ പാടില്ലെന്ന നിയമം ലംഘിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രദീപ് ചൂണ്ടിക്കാട്ടി.
സംസാരം തുടരുന്നതിനിടെ വസ്തുതവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് കുറ്റപ്പെടുത്തി സബ് കലക്ടറുടെ നേതൃത്വത്തിൽ ഗെയിൽ ഉദ്യോഗസ്ഥർ ഇറങ്ങിപ്പോയി.
പറയാനുള്ളത് കേൾക്കാതെ ഉദ്യോഗസ്ഥർ പോയതോടെ നാട്ടുകാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഗെയിൽ വിക്റ്റിംസ് ഫോറം ജില്ല കൺവീനർ അലവിക്കുട്ടി കാവനൂരിെൻറ നേതൃത്വത്തിൽ യോഗം തുടർന്ന നാട്ടുകാർ ബുധനാഴ്ച മലപ്പുറം മച്ചിങ്ങൽ ബൈപാസിൽ സമരം തുടരാൻ തീരുമാനിച്ചാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.