ഗെയിൽ പൈപ്പ്ലൈൻ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗെയിൽ വിക്ടിംസ് ഫോറം
text_fieldsനാദാപുരം: ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൊലീസ് ശക്തി ഉപയോഗപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അധികാരത്തെ ദുരുപയോഗം ചെയ്യുന്നതും ജനാധിപത്യ കേരളത്തിന് അപമാനകരവുമാണെന്ന് ഗെയിൽ വിക്ടിംസ് ഫോറം നാദാപുരം മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രി ഒരിക്കലും ഗെയിലിെൻറ വക്താവാകരുത്.
കേരളം പോലുള്ള ജനസാന്ദ്രമായ മേഖലകളിലൂടെ ഗെയിൽ കടന്നുപോകുമ്പോഴുള്ള പ്രശ്നങ്ങൾ പഠിക്കാൻ ജനാധിപത്യ സർക്കാർ തയാറാവണം. പകരം ഏകാധിപതിയുടെ ഭാഷയിൽ സംസാരിക്കുന്നത് ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
കേരളത്തിൽ സമരത്തിന് നേതൃത്വം കൊടുക്കുന്ന ഗെയിൽ വിക്ടിംസ് ഫോറം പോലെയുള്ള സമര വേദികളിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ അണികളും നവസാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാർട്ടികളും അണിനിരക്കുന്നുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും സമര മുന്നണിയിൽ സജീവമാണ്. എന്നാൽ, നവരാഷ്ട്രീയ പാർട്ടിയാണ് ഗെയിൽ സമരത്തിന് പിന്നിലെന്ന പ്രസ്താവന മുഖ്യമന്ത്രിക്ക് ചേരാത്തതാണ്. കൊച്ചിയിൽനിന്ന് മംഗലാപുരത്തും ബംഗളൂരുവിലും ഉള്ള സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള പ്രസരണ പൈപ്പ്ലൈൻ വികസനമല്ല. അങ്ങനെയാണെങ്കിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്കും വികസനം ഉണ്ടാവണം.
എന്നാൽ, അതില്ല. ഗെയിൽ പദ്ധതി കേരളത്തിൽ വികസനമാണെന്ന് തെളിയിക്കാൻ ഗെയിൽ വിക്ടിംസ് ഫോറം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ പൊലീസിനെ ഉപയോഗിക്കാൻ കോടതി വിധിയുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ സി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. പി. മുനീർ മാസ്റ്റർ, എം. അമ്മത് ഹാജി, നിസാർ മാർക്കോത്ത്, നെല്ല്യേരി കുമാരൻ, കെ. ബഷീർ, കൂടത്തിൽ അബ്ദുല്ല, പടിഞ്ഞോത്ത് അമ്മത് ഹാജി, എ. ഗോപാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.