പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി -മുഖ്യമന്ത്രി
text_fieldsകൊച്ചി: ഗെയിൽ പദ്ധതി പൂർത്തിയാക്കുന്നതിലൂടെ സർക്കാറിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കും എന്നത് സർക്കാറിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിച്ച് തടസ്സങ്ങൾ നീക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. ഗെയിലും സർക്കാറിൻെറ ശ്രമങ്ങൾക്ക് ഒപ്പംനിന്നു. ഈ സംയുക്ത ശ്രമം വിജയിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിത ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഉതകുന്ന ഈ പദ്ധതി പൂർത്തിയാക്കേണ്ടതുണ്ട് എന്ന ബോധ്യത്തോടെ ജനങ്ങളും സർക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ ഇച്ഛയോട് ചേർന്നുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ നിശ്ചയദാർഢ്യത്തോടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ശ്രമിച്ചത്.
കൊച്ചി മംഗളൂരു പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചതോടെ സംസ്ഥാനത്തിന് പ്രകൃതിവാതകം ലഭിക്കാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. 450 കിലോമീറ്റർ നീളമുള്ള കൊച്ചി - മാംഗ്ലൂർ പൈപ്പ് ലൈനിൻെറ 414 കിലോമീറ്ററും കേരളത്തിലൂടെ ആണ് കടന്നു പോകുന്നത്. ഇതിൻറെ പ്രവൃത്തികൾ പൂർത്തിയായി. കൂറ്റനാട് മുതൽ കോയമ്പത്തൂർ വരെ 99 കിലോമീറ്റർ നീളുന്ന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതും ഉടനെ പൂർത്തിയാക്കും. വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ചെറിയ അസൗകര്യങ്ങൾ ജനങ്ങൾക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസൗകര്യങ്ങൾ മറന്ന്, പദ്ധതി പൂർത്തിയാക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു.
തിരക്കേറിയ ജനവാസ മേഖലകൾ, മലയോര പ്രദേശങ്ങൾ, ജലാശയങ്ങൾ എന്നിവയിലൂടെയെല്ലാം പൈപ്പ്ലൈൻ വലിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. ജില്ലാ ഭരണകൂടങ്ങളും വിവിധ വകുപ്പുകളും പോലീസും സംയുക്തമായി ചേർന്ന് ഇത്തരം തടസ്സങ്ങൾ മറികടന്നു.
2018ലെ പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളേയും മറികടന്നാണ് ഈ പദ്ധതി യാഥാർത്ഥ്യമാവുന്നത്. സിറ്റി ഗ്യാസ് വിതരണം യാഥാർത്ഥ്യമാവുന്നതോടെ ഗാർഹികാവശ്യത്തിനുള്ള പ്രകൃതി വാതക ലഭ്യത ഉറപ്പു വരുത്താനാകും. എഫ്.എ.സി.ടി, പെട്രോ കെമിക്കൽ പാർക്ക് എന്നിവയുടെ വികസനത്തിനും ഈ പദ്ധതി വഴിയൊരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.