ഗെയിൽ പൈപ്പ് ലൈന്‍ : തണ്ടപ്പേരില്‍ പൈപ്പ് ലൈന്‍ രേഖപ്പെടുത്തും
text_fieldsതിരുവനന്തപുരം: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളുടെ ഭൂ രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്താന്‍ തീരുമാനം. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭൂമിയിലെ തണ്ടപ്പേര് രജിസ്റ്റര്‍, തണ്ടപ്പേര് എക്സ്ട്രാറ്റ് എന്നിവയിലെ റിമാര്‍ക്സ് കോളത്തിലാകും ഇത് രേഖപ്പെടുത്തുക. ഇതിനുപുറമേ, ഇത്തരം ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും പ്രകൃതി വാതക പൈപ്പ് ലൈനിന്റെ വിവരം ഉള്‍പ്പെടുത്തും. ഇത് എത്രയുംവേഗം നടപ്പാക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഗെയിൽ അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ പദ്ധതിയുടെ ഭാഗമായ ഭൂരേഖകളിലാണ് മാറ്റം വരുത്തേണ്ടത്. ഇതിനായി പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭൂരേഖകള്‍ ഡിജിറ്റലായി പരിഷ്കരിക്കും. ഭൂമിയുടെ വില്പനക്കായോ പ്രമാണം ഈടുവെച്ച് പണം കടമെടുക്കുമ്പോഴോ ഇതുവഴി പ്രകൃതി വാതക പൈപ്പ്ലൈൻ കടന്നുപോകുന്നുണ്ടെന്ന വിവരം ഇവരെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് നടപടി. ഭൂരേഖകളില് മാറ്റം വരുത്താനുള്ള തീരുമാനം വീണ്ടും എതിര്‍പ്പിന് ഇടയാക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. സംസ്ഥാനത്ത് 510 കിലോമീറ്റര്‍ ദൂരമാണ് വാതക പൈപ്പ്ലൈൻ സ്ഥാപിച്ചത്. 2010ല്‍ തുടങ്ങിയ പദ്ധതി വിവിധ ഘട്ടങ്ങളിലായി 2022ലാണ് പൂര്‍ത്തിയായത്.
പദ്ധതിക്കായി ഭൂമി വിലയ്ക്കുവാങ്ങി പൂര്‍ണമായി ‘ഗെയിൽ’ അധികൃതര്‍ക്ക് കൈമാറുകയല്ല, ഉപയോഗ ആവശ്യത്തിനായി ഭൂവുടമകളില്‍നിന്ന് ഏറ്റെടുക്കുകയാണ് ചെയ്തത്. അതിനാല്‍ ഭൂവുടമകള്‍ക്ക് തുടര്‍ന്നും ഭൂമി കൈമാറ്റത്തിനു തടസ്സമില്ല. എങ്കിലും വില്പന വഴി കൈമാറുമ്പോള്‍ അവര്‍ അറിയാതെ നിര്‍മാണം നടത്തുന്നത് ആശങ്കക്കിടയാക്കും. ഭൂമിക്കടിയിലൂടെ പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളില്‍ കെട്ടിടമോ മറ്റ് നിര്‍മാണങ്ങളോ പാടില്ലെന്ന് നിര്‍ദേശമുണ്ട്. കിണറോ ടാങ്കോ കുഴിക്കാന്‍ പാടില്ലെന്നും ഖനനം പാടില്ലെന്നും വലിയ വൃക്ഷങ്ങൾ നടുന്നതിനും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.