മരണം വിതച്ച് ഗെയിൽ പൈപ്പ്ലൈൻ പ്രവൃത്തി
text_fieldsകൊടുവള്ളി (കോഴിക്കോട്): ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ടൗണിലേക്ക് പ്രകൃതി വാതകമെത്തിക്കുന്നതിന് ദേശീയപാത 766 ൽ കുഴിയെടുത്ത് പൈപ്പ്ലൈൻ സ്ഥാപിക്കുന്നത് മരണം വിതക്കുന്നു. കഴിഞ്ഞ ദിവസം മൂന്നുപേരാണ് പടനിലത്തിനടുത്ത് മദ്റസ ബസാറിൽ നടന്ന അപകടത്തിൽ മരിച്ചത്.
താമരശ്ശേരിക്കും പടനിലത്തിനുമിടയിലാണ് ഇപ്പോൾ പ്രവൃത്തികൾ നടന്നുവരുന്നത്. രാത്രിയിലും പകലുമായി നടക്കുന്ന പ്രവൃത്തിക്ക് ഏറെ തിരക്കുള്ള ദേശീയ പാതയിൽ വേണ്ട സുരക്ഷ സംവിധാനങ്ങളോ മുന്നറിയിപ്പ് സൂചകങ്ങളോ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. ദിവസവും പല ഭാഗത്തും ഏറെ നേരമാണ് ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. റോഡിൽ വലിയ കുഴികൾ എടുത്ത ഭാഗം വേണ്ട രീതിയിൽ മണ്ണിട്ട് മൂടാത്തതിനാൽ കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവായിരിക്കുകയാണ്. കാൽനടക്കാരും അപകട ഭീഷണിയിലാണ്. വാവാട് പ്രദേശത്ത് മാത്രം മാസത്തിനിടെ മുപ്പതിലേറെ അപകടങ്ങളാണ് നടന്നത്. ഒരാഴ്ചക്കിടെ പത്തുപേരാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സുരക്ഷ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വാവാട് പ്രദേശത്തെ കൗൺസിലർമാർ നാഷനൽ ഹൈവേ കൊടുവള്ളി സെക്ഷൻ അസിസ്റ്റൻറ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മദ്റസ ബസാറിൽ വീണ്ടും നാടിനെ നടുക്കിയ അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പെെട്ടന്ന് വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും കാൽനട യാത്രക്കാരനും ലോറിക്കടിയിൽപെട്ടു. ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്ത്. പടനിലത്തും സമീപ പ്രദേശങ്ങളിലുമെല്ലാം ഉണ്ടാകുന്ന അപകടങ്ങളിൽ ആദ്യം ഓടിയെത്തുന്നവരായിരുന്നു ഇവർ.
കരിഞ്ചോല മലയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും കഴിഞ്ഞ പ്രളയകാലത്തും ഇവർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളും ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് നാട്ടുകാർ പറയുന്നു. സന്തോഷിെൻറ മൃതദേഹം വെള്ളിയാഴ്ച രാത്രി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. വള്ളിയാട്ടുമ്മൽ ശശി, പറയംമടക്കുമ്മൽ ശശി എന്നിവരുടെ മൃതദേഹം പടനിലം ഹിദായത്തുസ്സിബിയാൻ മദ്റസയിൽ ശനിയാഴ്ച ഉച്ചയോടെ പൊതുദർശനത്തിന് വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.